ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്‌ഫോണില്ല; വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതിനെ തുടര്‍ന്ന് രാജ്യത്ത് ഒരു വിദ്യാര്‍ത്ഥിനി കൂടി ആത്മഹത്യ ചെയ്തു. പഞ്ചാബിലെ മന്‍സ ജില്ലയിലാണ് സ്മാര്‍ട്‌ഫോണ്‍ ഇല്ലാത്തതിനെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ 17കാരി സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ചത്. അച്ഛന്‍ കര്‍ഷക തൊഴിലാളിയാണ്.

ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചതുമുതല്‍ മകള്‍ ഫോണ്‍ വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ പണമില്ലാത്തതിനാല്‍ സാധിച്ചില്ലെന്നും പിതാവ് ജഗസീര്‍ സിംഗ് പറഞ്ഞു. തുടര്‍ന്ന് കുട്ടി മാനസിക സമ്മര്‍ദ്ദത്തിലായെന്നും പിതാവ് വ്യക്തമാക്കി.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് എല്ലാ യുവാക്കള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ എന്ന വാഗ്ദാനം നിറവേറ്റാനാവില്ലെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വ്യക്തമാക്കിയിരുന്നു. കേരളത്തിലും സമാനമായ സംഭവമുണ്ടായിരുന്നു. മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തിരുന്നു.

Top