അരിക്കൊമ്പന്റെ റേഡിയോ കോളറിൽ നിന്ന് സിഗ്നൽ ലഭിക്കുന്നില്ല; സാങ്കേതിക തകരാറെന്ന് വനം വകുപ്പ്

തൊടുപുഴ: അരിക്കൊമ്പനിൽ നിന്ന് സിഗ്നൽ ലഭിക്കുന്നില്ല. ഇന്നലെ ഉച്ചയ്ക്കാണ് അരിക്കൊമ്പന്റെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറിൽ നിന്ന് സിഗ്നൽ ലഭിച്ചത്. സാങ്കേതിക പ്രശ്നമാണെന്ന് വിശദീകരിക്കുകയാണ് വനം വകുപ്പ്. ഇന്നലെ ഉച്ചയ്ക്ക് തമിഴ്‌നാട് വനമേഖലയിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് ഉണ്ടായിരുന്നത്. മേഘാവൃതമായ കാലാവസ്‌ഥയും ഇടതൂർന്ന വനവും ആണെങ്കിൽ സിഗ്നൽ ലഭിക്കാൻ കാലതാമസം ഉണ്ടാകും. സാങ്കേതിക പ്രശ്നം പരിഹരിക്കാൻ ഡബ്ല്യുഡബ്ല്യുഎഫിനോട് വനം വകുപ്പ് ആവശ്യപ്പെട്ടു. വിഎച്ച്എഫ് ആന്റിന ഉപയോഗിച്ച് ട്രാക്ക് ചെയ്യാൻ ശ്രമം നടക്കുന്നുണ്ട്.

അതിനിടെ, അരികൊമ്പൻ ചിന്നക്കനാലിലേക്ക് വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി അംഗം ഡോ. പി.എസ്. ഈസ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം. ചിലയിടങ്ങളിൽ ട്രാൻ‌സ്‌ലൊക്കേറ്റ് ചെയ്ത ആനകൾ തിരിച്ചുവന്നിട്ടുണ്ട്. മിഷൻ അരികൊമ്പനിൽ വനം വകുപ്പിന്റെ പബ്ലിസിറ്റി കൂടിപ്പോയി. പെരിയാർ ടൈഗർ റിസർവിനേക്കാൾ പറമ്പിക്കുളം തന്നെയായിരുന്നു അരികൊമ്പനെ മാറ്റിപ്പാർപ്പിക്കാനുള്ള മികച്ച ഇടമെന്നും ഡോ.പി.എസ്.ഈസ പറഞ്ഞു.

Top