ജെ.എന്‍.യു വിദ്യാര്‍ഥികള്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന കേസില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ലെന്ന്

kanayya-kumar

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ അടക്കമുള്ള 10 പേര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍. കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുമതി തേടിയുള്ള ഡല്‍ഹി പൊലീസിന്റെ അപേക്ഷക്കാണ് സര്‍ക്കാര്‍ ഇപ്രകാരം മറുപടി നല്‍കിയത്. വിഷയത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന നിലപാടിലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ ഇക്കാര്യം തെളിയിക്കുന്നില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കേസ് 18ന് കോടതി പരിഗണിക്കും.

2016ല്‍ ജെ.എന്‍.യുവില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നാണ് കേസ്. അന്നത്തെ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായിരുന്ന കനയ്യ കുമാര്‍, വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദ്, അനീര്‍ബന്‍ ഭട്ടാചര്യ എന്നിവരടക്കം 10 പേര്‍ക്കെതിരെയാണ് പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയത്. 1200 പേജുള്ള കുറ്റപത്രവും തയ്യാറാക്കി. പക്ഷെ വിചാരണാനുമതി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

കുറ്റപത്രത്തില്‍ പറയുന്ന ഐ.പി.സി 124 എ രാജ്യദ്രോഹം, സി.ആര്‍.പി.സി 196 ക്രിമിനല്‍ ഗൂഢാലോചന എന്നിവ നിലനില്‍ക്കില്ലെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ നിലപാട്. കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. കുറ്റപത്രം നിലനില്‍ക്കില്ലെന്ന് നിയമോപദേശം ലഭിച്ചതായും സര്‍ക്കാര്‍ പറയുന്നു.

സര്‍ക്കാരുമായി അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതിനാല്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഇനി എന്ത് നിലപാട് സ്വീകരിക്കും എന്നത് ശ്രദ്ധേയമാണ്. നേരത്തെ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതിന് മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചതിന് ഡല്‍ഹി പൊലീസിനെ കോടതി വിമര്‍ശിച്ചിരുന്നു.

Top