രാഹുൽ ഗാന്ധിയെ മുൻനിർത്തിയാലും കേരളത്തിൽ രക്ഷയില്ല, ‘പാര’ ആയത് മമതയുടെയും കെജരിവാളിന്റെയും നിലപാട് !

ലോകസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ഏറ്റവും കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ്. കർണ്ണാടകയിലും, തെലങ്കാനയിലും കേരളത്തിലുമാണ് പ്രധാനമായും പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. സ്റ്റാലിന്റെ കരുണയിൽ തമിഴ്നാട്ടിലും ഏതാനും സീറ്റുകൾ കോൺഗ്രസ്സ് പ്രതീഷിക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കർണ്ണാടകയിലും തെലങ്കാനയിലും മിന്നുന്ന വിജയമാണ് കോൺഗ്രസ്സ് നേടിയിരുന്നത്. ഇതിനു പ്രധന കാരണം ഈ രണ്ട് സംസ്ഥാനങ്ങളിലും നിലനിന്നിരുന്ന ഭരണ വിരുദ്ധ വികാരം വോട്ടായി മാറിയതാണ്. ഇതേ വിജയം പക്ഷേ ലോകസഭ തിരഞ്ഞെടുപ്പിൽ ആവർത്തിക്കണമെന്നില്ല. അതിനു പ്രധാന കാരണം ,മോദിയോട് കിടപിടിക്കുന്ന ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ അവതരിപ്പിക്കാൻ കോൺഗ്രസ്സിനു കഴിയുന്നില്ല എന്നതു തന്നെയാണ്.

രാഹുൽ ഗാന്ധിയെ കോൺഗ്രസ്സ് ഉയർത്തിക്കാട്ടുമ്പോൾ കോൺഗ്രസ്സ് ഉൾപ്പെട്ട ‘ഇന്ത്യ’ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടപ്പെട്ടിരിക്കുന്നത് മല്ലികാർജുൻ ഖർഗെയെയാണ്. ഡൽഹി – ബംഗാൾ മുഖ്യമന്ത്രിമാരാണ് ഖാർഗെയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്. അവിടെ രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കാൻ ഒരു നേതാവ് പോലും ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. അരവിന്ദ് കെജരിവാളിന്റെയും മമത ബാനർജിയുടെയും ഈ നീക്കം നെഹറു കുടുംബത്തെ മാത്രമല്ല കേരളത്തിലെ കോൺഗ്രസ്സിനെ സംബന്ധിച്ചും വൻ തിരിച്ചടിയാണ്. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കി ഉയർത്തിക്കാട്ടി വോട്ടു പിടിക്കാൻ ഇനി കേരളത്തിലെ കോൺഗ്രസ്സിനും കഴിയുകയില്ല.

ബി.ജെ.പി വിരുദ്ധ സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചാൽ രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കില്ലന്ന വ്യക്തമായ സൂചനയാണ് മമതയും കെജരിവാളും നൽകിയിരിക്കുന്നത്. ഇതേ നിലപാട് തന്നെയാണ് ഇന്ത്യാ സഖ്യത്തിലെ പ്രധാന പാർട്ടികളായ ആർ ജെ.ഡി, സമാജ് വാദി പാർട്ടി എന്നിവയ്ക്കുമുള്ളത്. ഈ സാഹചര്യത്തിൽ ഇനി രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടി വോട്ടു പിടിക്കാൻ ശ്രമിച്ചാൽ അതെന്തായാലും വിലപ്പോവാൻ സാധ്യതയില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാൻ, ചത്തിസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ കോൺഗ്രസ്സിന് തിരിച്ചടി നേരിട്ടതാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വം ചോദ്യം ചെയ്യപ്പെടാൻ വഴി ഒരുക്കിയിരിക്കുന്നത്.

ഇത്തരമൊരു സാഹചര്യത്തിൽ രാഹുൽ ഇത്തവണയും വയനാട്ടിൽ തന്നെ മത്സരിച്ചാലും കേരളത്തിൽ വലിയ ചലനം ഉണ്ടാക്കാൻ സാധ്യതയില്ല. 2019-ൽ നേടിയ 19 സീറ്റുകളിൽ എത്ര എണ്ണം അവർക്കു നിലനിർത്താൻ കഴിയും എന്നതു മാത്രമാണ് കണ്ടറിയേണ്ടത്. കഴിഞ്ഞ തവണ ഒറ്റ സീറ്റിൽ ഒതുങ്ങിയ ഇടതുപക്ഷം ഇത്തവണ കേരളത്തിൽ നിന്നും 15-ൽ കുറയാത്ത സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ലീഗിന്റെ കൈവശമുള്ള പൊന്നാനി മണ്ഡലവും ഉൾപ്പെടും. നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകൾ പ്രകാരം പതിനായിരത്തിൽ താഴെ മാത്രമാണ് പൊന്നാനി ലോകസഭ മണ്ഡലത്തിലെ യു.ഡി.എഫിന്റെ ലീഡ്. ഇത് ഇടതുപക്ഷത്തെ സംബന്ധിച്ച് എളുപ്പത്തിൽ മറികടക്കാൻ കഴിയും.

പ്രതിപക്ഷത്തിനു ഭൂരിപക്ഷം ലഭിച്ചാൽ കോൺഗ്രസ്സല്ല മറ്റു പ്രതിപക്ഷപാർട്ടികളാണ് പ്രധാനമന്ത്രിയെ തീരുമാനിക്കുക എന്നാണ് ഇടതുപക്ഷം പറയുന്നത്. അതായത് കോൺഗ്രസ്സ് ഇതര പ്രധാനമന്ത്രി വരുമെന്നും അത്തരം ഒരു നിർദ്ദേശത്തെ കോൺഗ്രസ്സിനും അംഗീകരിക്കേണ്ടി വരുമെന്നതുമാണ് അവരുടെ കണക്കു കൂട്ടൽ. ഇക്കാര്യം പ്രധാന സി.പി.എം നേതാക്കളും ചൂണ്ടിക്കാട്ടുന്നുണ്ട്. കോൺഗ്രസ്സുകാർ ശരവേഗത്തിൽ കാവിയണിയാൻ മടിക്കാത്തവർ ആയതിനാൽ കേരളത്തിൽ സംഘപരിവാറിനെ ഫലപ്രദമായി ചെറുക്കുന്ന ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്നാണ് സി.പി.എം ആഹ്വാനം ചെയ്യുന്നത്. ലോകസഭ തിരഞ്ഞെടുപ്പു മുൻ നിർത്തി കേരളത്തിൽ സി.പി.എം പയറ്റാൻ പോകുന്ന തന്ത്രവും ഇതു തന്നെയാണ്.

ആർ.എസ്.എസ് അജണ്ട നടപ്പാക്കുന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ യു.ഡി.എഫ് നേതാക്കൾ പിന്തുണയ്ക്കുന്നതും ഇപ്പോൾ വലിയ രാഷ്ട്രീയ പ്രചരണമാക്കിയാണ് സി.പി.എം. ഉയർത്തി കൊണ്ടുവരുന്നത്. ഇത്തരം പ്രചരണം ന്യൂനപക്ഷ വോട്ട് ബാങ്കിൽ പ്രതിഫലിച്ചാൽ അത് മുസ്ലീംലീഗ് കോട്ടകളെയും സാരമായി ബാധിക്കും. സംഘപരിവാറുകാരെ സെനറ്റിലേക്ക് നോമിനേറ്റു ചെയ്ത ഗവർണ്ണറെ മുസ്ലീംലീഗ് അദ്ധ്യക്ഷന്റെ മകന്റെ വിവാഹ ചടങ്ങിന് ക്ഷണിച്ചതും സോഷ്യൽ മീഡിയകളിൽ ചൂടുള്ള ചർച്ചയാണ്.

എസ്.എഫ്.ഐ പ്രവർത്തകർ ഗവർണ്ണർക്കെതിരെ പ്രതിഷേധ കൊടി ഉയർത്തുന്ന സമയത്തു പോലും, ഗവർണ്ണർക്കു മുന്നിൽ വിവാഹ സൽക്കാരത്തിൽ ബിരിയാണി വിളംബുകയാണ് ലീഗ് നേതൃത്വം ചെയ്തതെന്ന രാഷ്ട്രീയ ആരോപണമാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ നിറഞ്ഞാടുന്നത്. ഇക്കാര്യത്തിൽ ലീഗിനെ പ്രതിക്കൂട്ടിൽ നിർത്താനും പരിഹസിക്കാനും സി.പി.എം. സൈബർ പോരാളികളാണ് മത്സരിക്കുന്നത്. ഗവർണറെ ന്യായീകരിച്ച കെ.പി.സി.സി അദ്ധ്യക്ഷന്റെ നടപടിയിൽ കോൺഗ്രസ്സിലും പ്രതിഷേധം ശക്തമാണ്.

ഒപ്പമുള്ളവരെ പോലും അകറ്റുന്ന പ്രസ്താവനയായാണ് ഈ നിലപാടിനെ മുതിർന്ന കോൺഗ്രസ്സ് നേതാക്കളും നോക്കി കാണുന്നത്. സുധാകരൻ തന്നെ പ്രസ്താവന തിരുത്തിയെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് രംഗത്തു വന്നിട്ടുണ്ടെങ്കിലും ദൃശ്യ മാധ്യമങ്ങളിൽ വന്ന സുധാകരന്റെ വിവാദ പ്രതികരണം വൈറലായതോടെ പ്രതിപക്ഷ നേതാവിന്റെ പ്രതിരോധവും തകർന്നടിഞ്ഞിട്ടുണ്ട്. നവകേരള സദസ്സിനെതിരായ കോൺഗ്രസ്സിന്റെയും പോഷക സംഘടനകളുടെയും പ്രതിഷേധവും അവർ ഉദ്ദേശിച്ച നേട്ടമല്ല ഉണ്ടാക്കിയിരിക്കുന്നത്.

മിക്ക മാധ്യമങ്ങളും ഒപ്പമുണ്ടായിട്ടും പിണറായി സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന ഒരു സമരം പോലും നടത്താൻ നാളിതുവരെയായി പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ല. ആരൊക്കെ നിഷേധിച്ചാലും അതൊരു യാഥാർത്ഥ്യം തന്നെയാണ്. യു.ഡി.എഫ് നേതാക്കൾ തൊടുന്നതെല്ലാം വലിയ അബദ്ധമായി മാറുന്ന കാഴ്ചയാണ് രാഷ്ട്രീയ കേരളം ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. അതെന്തായാലും… പറയാതെ വയ്യ . . .

EXPRESS KERALA VIEW

Top