പണിമുടക്കിയവര്‍ക്ക് ശമ്പളത്തോടെ അവധി; സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

kerala-high-court

കൊച്ചി: ജനുവരിയിലെ ദേശിയ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി നല്‍കി ഹൈക്കോടതി . പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ഹൈക്കോടതി സ്റ്റേ ചെയ്തു.

സമരം ചെയ്തവര്‍ക്ക് ശമ്പളത്തോടെയുള്ള അവധി നല്‍കുന്നതോടെ സമരം നടത്തുന്നവരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് വിമര്‍ശിച്ച കോടതി സര്‍ക്കാരില്‍നിന്ന് വിശദീകരണം തേടി. ദിവസങ്ങള്‍ക്ക് മുമ്പാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്ക് ദിവസങ്ങളില്‍ അവധി അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ഇതിന്റെ പകര്‍പ്പ് കാണിച്ചുകൊണ്ട് നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

സമരത്തില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള തീരുമാനം നിയമവിരുദ്ധമാണ്. സര്‍ക്കാര്‍ തന്നെ പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നു. കോടതി ഇടപെട്ട് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വിശദമായ വാദത്തിന് ഹര്‍ജി മാറ്റി വച്ചു. ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ ശമ്പളം അനുവദിക്കരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.

Top