2000 രൂപ നോട്ടുകള്‍ പിന്‍വലിക്കില്ല, 200 രൂപ അടുത്തമാസം എത്തുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന് പിന്നാലെ പുറത്തിറക്കിയ 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് കുമാര്‍ ഗംഗ്വാര്‍.

വീണ്ടുമൊരു നോട്ട് അസാധുവാക്കലിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുയാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെ തുടര്‍ന്നാണ് മന്ത്രിയുടെ വിശദീകരണം.

വിനിമയത്തിനായി നേരിടുന്ന ചില്ലറ ക്ഷാമം പരിഹരിക്കാനായി അച്ചടിച്ച പുതിയ 200 രൂപ നോട്ടുകള്‍ അടുത്തമാസം തന്നെ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, 2000 രൂപ നോട്ടുകളുടെ അച്ചടി കുറയ്ക്കുക എന്നത് പ്രത്യേക വിഷയമാണെന്നും, ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ തീരുമാനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. നേരത്തെ, 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചുവെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച പ്രതിപക്ഷം ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചെങ്കിലും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി മറുപടി നല്‍കാന്‍ വിസമ്മതിച്ചിരുന്നു. ഇതോടെയാണ് വീണ്ടുമൊരു നോട്ട് അസാധുവാക്കലിന് കേന്ദം തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹം ശക്തമാകാന്‍ ഇടയായത്.

Top