റി​ല​യ​ന്‍​സി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ല്‍ സ​ര്‍​ക്കാ​രി​നു പ​ങ്കി​ല്ലന്ന് പ്രതിരോധമന്ത്രാലയം

NIRMMALA SITHARAM

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഉള്‍പ്പെടുത്താന്‍ ഇന്ത്യാ ഗവണ്‍മെന്റ് നിര്‍ദേശിച്ചതായുള്ള ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദിന്റെ വാദത്തിനെതിരെ പ്രതിരോധമന്ത്രാലയം രംഗത്ത്. റിലയന്‍സിന്റെ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനു പങ്കില്ലെന്നും ഇപ്പോള്‍ ഉയരുന്നത് അനാവശ്യ വിവാദങ്ങളാണെന്നും പ്രതിരോധമന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.

2012-ല്‍ യുപി സര്‍ക്കാരിന്റെ കാലത്ത് ഡസോയുടെ പേരും ഉയര്‍ന്നുവന്നിട്ടുള്ളതാണെന്നും അന്നും റിലയന്‍സായിരുന്നു ഡസോയുടെ പങ്കാളിയെന്നും പ്രതിരോധമന്ത്രാലയം വിശദീകരിച്ചു.

അതേസമയം ഫ്രഞ്ച് സര്‍ക്കാരും ഡസോ ഏവിയേഷനും കേന്ദ്ര പ്രതിരോധമന്ത്രാലയവും ഒളാന്ദിന്റെ വാദം നിഷേധിച്ചു രംഗത്തെത്തി. റാഫേല്‍ കരാറില്‍ ഇന്ത്യന്‍ കമ്പനിയെ തെരഞ്ഞെടുക്കുന്നതില്‍ ഇടപെട്ടിട്ടില്ലെന്ന് ഫ്രാന്‍സ് സര്‍ക്കാരിന്റെ വിശദീകരണം. അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചുവെന്ന മുന്‍ പ്രധാനമന്ത്രി ഫ്രാന്‍സ്വാ ഒലാന്‍ദിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ഫ്രാന്‍സ് സര്‍ക്കാരിന്റെ വിശദീകരണക്കുറിപ്പ്.

ഉന്നത നിലവാരത്തിലുള്ള എയര്‍ക്രാഫ്റ്റ് നല്‍കുന്നുണ്ടോയെന്നതു മാത്രമാണ് സര്‍ക്കാരിന്റെ ചുമതലയെന്നും ഫ്രാന്‍സ് പറഞ്ഞു. ഫ്രഞ്ച് കമ്പനിക്ക് തന്നെയാണ് ഇന്ത്യന്‍ കമ്പനിയെ തെരഞ്ഞെടുക്കാനുള്ള അവകാശമെന്നും അതില്‍ ഇടപെട്ടിട്ടില്ലെന്നുമാണ് ഫ്രഞ്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.

റാഫേല്‍ കരാറിലെ ഫ്രഞ്ച് കമ്പനിയായ ഡിസോള്‍ട്ട് എവിയേഷനും പ്രസ്താവനയുമായി രംഗത്തെത്തി. റിലയന്‍സ് ഗ്രൂപ്പിനെ തെരഞ്ഞെടുത്തത് കമ്പനി തന്നെയാണെന്ന് പ്രസ്താവനയില്‍ പറയുന്നു. ‘ഇന്ത്യന്‍ സര്‍ക്കാര്‍ റിലയന്‍സ് ഗ്രൂപ്പിനെ നിര്‍ദേശിച്ചു. അതനുസരിച്ച് ഡിസോള്‍ട്ട് എവിയേഷന്‍ അനില്‍ അംബാനി ഗ്രൂപ്പുമായി ഇടപാടുണ്ടാക്കി. തങ്ങള്‍ക്ക് ഒരു ചോയ്സുമില്ലെന്നും, നിങ്ങള്‍ തന്ന പങ്കാളിയെയാണ് എടുത്തതെന്നും’ ഫ്രഞ്ച് പ്രസിദ്ധീകരണമായ മീഡിയപാര്‍ട്ടില്‍ എഴുതിയ ലേഖനത്തില്‍ ഒളാന്ദ് പറഞ്ഞിരുന്നു.

റഫാല്‍ പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപനം നടത്തുന്നതിനു 12 ദിവസം മുന്പു മാത്രം തട്ടിക്കൂട്ടിയതാണ് റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് എന്ന കമ്പനിയെന്നാണ് ആരോപണം.

Top