കശ്മീര്‍: 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടിയെ ലോകരാജ്യങ്ങള്‍ മുഴുവന്‍ പിന്തുണച്ചു; അമിത് ഷാ

ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടിയെ ലോകരാജ്യങ്ങള്‍ മുഴുവന്‍ പിന്തുണച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരില്‍ നിലവില്‍ നിയന്ത്രണങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ധീരമായ കാല്‍വെപ്പ് കശ്മീരില്‍ അനവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വഴിവെച്ചുവെന്നും അമിത് ഷാ പറഞ്ഞു. കശ്മീരില്‍ നിയന്ത്രണങ്ങളുണ്ടെന്ന തെറ്റായ വിവരങ്ങളാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു. നിയന്ത്രണങ്ങള്‍ എവിടെയാണ്. മനസുകളില്‍ മാത്രമാണ് നിയന്ത്രണങ്ങള്‍. തെറ്റായ വിവരങ്ങളാണ് ഇതേക്കുറിച്ച് പ്രചരിക്കുന്നതെന്നും രാജ്യസുരക്ഷ സംബന്ധിച്ച സെമിനാറിനെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.

കശ്മീരിലെ 196 പോലീസ് സ്റ്റേഷന്‍ പരിധികളിലും കര്‍ഫ്യൂ പിന്‍വലിച്ചിട്ടുണ്ട്. എട്ട് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ മാത്രമാണ് അഞ്ചുപേരിലധികം കൂട്ടംകൂടുന്നത് തടയുന്ന 144 പ്രഖ്യാപിച്ചിട്ടുള്ളത്. ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന വ്യവസ്ഥകള്‍ റദ്ദാക്കിയ നടപടിയെ യു.എന്‍ പൊതുസംഭയില്‍ മുഴുവന്‍ ലോക നേതാക്കളും പിന്തുണച്ചു. ലോക നേതാക്കളെല്ലാം ഏഴു ദിവസം ന്യൂയോര്‍ക്കിലുണ്ടായിരുന്നു. അവരില്‍ ഒരാള്‍പോലും കശ്മീര്‍ വിഷയത്തില്‍ ഇടപെട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വലിയ നയതന്ത്ര വിജയമാണിത്.

താത്കാലികമായി ഫോണ്‍ കണക്ഷന്‍ വിച്ഛേദിക്കുന്നത് മനുഷ്യാവകാശ ലംഘനമൊന്നുമല്ല. ജമ്മു കശ്മീരില്‍ 10,000 പുതിയ ലാന്‍ഡ് ലൈന്‍ കണക്ഷനുകളാണ് അനുവദിച്ചിട്ടുള്ളത്. രണ്ടു മാസത്തിനിടെ 6000 പുതിയ ടെലിഫോണ്‍ ബൂത്തുകള്‍ തുറന്നു. ആര്‍ട്ടിക്കിള്‍ 370ലെ വ്യവസ്ഥകള്‍ റദ്ദാക്കിയ നടപടി രാജ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top