No rest for migrant-weary Europe in 2016 as desperate

ഏഥന്‍സ്: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ യൂറോപ്യന്‍ കുടിയേറ്റവും ദുരന്തവും തുടരുന്നു.

യൂറോപ്പിലേയ്ക്ക് കടല്‍മാര്‍ഗമുള്ള സാഹസികയാത്രയില്‍ ഈ വര്‍ഷം ആദ്യം പൊലിഞ്ഞത് രണ്ട് വയസുകാരന്റെ ജീവന്‍. തുര്‍ക്കിയില്‍ നിന്ന് ഏജിയന്‍ കടലിലൂടെ ഗ്രീസിലെ അഗാതൊനീസി ദ്വീപ് ലക്ഷ്യമാക്കി വന്ന ബോട്ട് മുങ്ങിയാണ് കുട്ടി മരിച്ചത്. ബോട്ട് പാറയിലിടിച്ച് തകരുകയായിരുന്നു. മറ്റ് 39 യാത്രക്കാരേയും മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു. കുട്ടിയുടെ മൃതദേഹവും ഇവരാണ് കണ്ടെത്തിയത്.

അതേ സമയം ഇവര്‍ ഏത് രാജ്യത്തെ പൗരന്മാരാണെന്ന് വ്യക്തമല്ല. ദുരന്തങ്ങള്‍ പതിവാണെങ്കിലും ഏജിയന്‍ കടലിലൂടെയുള്ള അഭയാര്‍ത്ഥി പ്രവാഹം തുടരുകയാണ്. 2015ല്‍ പത്ത് ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ സിറിയ അടക്കം വിവിധ രാജ്യങ്ങളില്‍ നിന്ന് യൂറോപ്പിലേയ്ക്ക് കുടിയേറിയതായാണ് കണക്ക്.

3600ഓളം പേര്‍ കുടിയേറ്റ ശ്രമത്തിനിടെ വിവിധ അപകടങ്ങളില്‍ മരിച്ചു. ഇതില്‍ ഭൂരിഭാഗവും ബോട്ടപകടത്തിലായിരുന്നു. തുര്‍ക്കി തീരത്ത് മണലില്‍ കിടന്നിരുന്ന ഐലാന്‍ കുര്‍ദിയെന്ന മൂന്ന് വയസുകാരന്റെ ചിത്രം അഭയാര്‍ത്ഥി ദുരന്തത്തിന്റെ ഏറ്റവും ഹൃദയഭേദകമായ പ്രതീകങ്ങളില്‍ ഒന്നായി മാറുകയും ലോക മനസാക്ഷിയെ മുറിപ്പെടുത്തുകയും ചെയ്തിരുന്നു.

Top