ഇടത് സഹയാത്രികര്‍ ; കുമ്മനത്തിന്റെ ഉപദേശകര്‍ക്കെതിരെ അന്വേഷണം

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഉപദേശകര്‍ക്കെതിരെ കേന്ദ്ര നേതൃത്വം പ്രത്യേക അന്വേഷണം നടത്തും.

പാര്‍ട്ടി അറിയാതെയാണ് കുമ്മനം കാര്യങ്ങള്‍ നടത്തുന്നത്, ജനറല്‍ സെക്രട്ടറിമാരോട് പോലും ആശയവിനിമയം നടത്തുന്നില്ല, ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുന്നു തുടങ്ങിയ പരാതിയിന്മേലാണ് കേന്ദ്ര നേതൃത്വത്തിന്റെ അന്വേഷണം.

കുമ്മനത്തിനെതിരെ ഉയര്‍ന്ന ഇത്തരം പരാതികളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം അടുത്തിടെ നിയമിച്ച മൂന്ന് ഉപദേശകര്‍ക്കെതിരെ അന്വേഷിക്കാന്‍ കേന്ദ്രം തയ്യാറാകുന്നത്.

മാധ്യമ ഉപദേഷ്ടാവായ ഹരിഹര്‍ കര്‍ത്ത, രാധാകൃഷ്ണ പിള്ള, ഗോപാല പിള്ള എന്നീ കുമ്മനത്തിന്റെ പുതിയ ഉപദേഷ്ടാക്കള്‍ക്കെതിരെ വലിയ പരാതികളാണ് കേന്ദ്രത്തിന് ലഭിച്ചിട്ടുള്ളത്. ഉപദേശകര്‍ ബിജെപിയുമായി ബന്ധമില്ലാത്തവരും ഇടത് സഹയാത്രികരുമാണെന്നും പരാതിയില്‍ പറയുന്നു.

ഒക്ടോബറില്‍ ദേശീയ പ്രസിഡന്റ് അമിത്ഷാ കേരളത്തിലെത്തും. അതിനിടെ ബി.എല്‍. സന്തോഷ് മുരളീധരന്‍ ഗ്രൂപ്പിന്റെ വക്താവായി മാറിയെന്ന ആരോപണത്തെ തുടര്‍ന്ന് കേരളത്തിന്റെ ചുമതലുയുള്ള സന്തോഷിനെ സ്ഥാനത്ത് നിന്ന് മാറ്റും.

Top