കവളപ്പാറ ദുരന്തത്തിന്റെ രണ്ടാം വാര്‍ഷികത്തിലും പുനരധിവാസമില്ല; തെരുവില്‍ അടുപ്പുകൂട്ടി പ്രതിഷേധം

നിലമ്പൂര്‍: ഉരുള്‍പൊട്ടിയെത്തിയ മലവെള്ളപ്പാച്ചിലില്‍ 59 ജീവന്‍ നഷ്ടമായ കവളപ്പാറ ദുരന്തത്തിന്റെ രണ്ടാം വര്‍ഷത്തിലും പുനരധിവാസം നടക്കാത്തതില്‍ തെരുവില്‍ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. പോത്തുകല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണവും പ്രതിഷേധ സംഗമവും സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.

ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും ഉടവരെയും വീടും സ്ഥലവുമെല്ലാം നഷ്ടപ്പെട്ട പാവങ്ങളോട് സര്‍ക്കാര്‍ കരുണയുടെ കണികയെങ്കിലും കാണിക്കാന്‍ തയ്യാറാകണമെന്ന് ആര്യാടന്‍ ഷൗക്കത്ത് ആവശ്യപ്പെട്ടു.

ദുരന്തത്തില്‍ ഉറ്റവരെയും വീടും പുരയിടവും ഉള്‍പ്പടെ സകലതും നഷ്ടപ്പെട്ട ആദിവാസി വിഭാഗത്തില്‍പ്പെട്ട 32 കുടുംബങ്ങള്‍ ഇപ്പോഴും പോത്തുകല്ല് അങ്ങാടിയിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുകയാണ്. ആറ് മാസത്തിനുള്ളില്‍ പുനരധിവാസം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒന്നും നടപ്പായില്ല.

ദുരന്തത്തിനിരയായവര്‍ ഒടുവില്‍ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് പുനരധിവാസത്തിന് സഹായം പോലും ലഭിച്ചത്. ഇതാവട്ടെ മുഴുവന്‍ പേര്‍ക്കും ലഭിച്ചിട്ടുമില്ല. ദുരന്തമേഖലയില്‍ നിന്നും മാറിതാമസിക്കാന്‍ ജിയോളജിവകുപ്പ് നോട്ടീസ് നല്‍കിയ 100 റോളം കുടുംബങ്ങളെ മാറ്റിതാമസിപ്പിക്കാനും നടപടിയുണ്ടായിട്ടില്ല. സുമനസുകളുംഎം.എം യൂസഫലി അടക്കമുള്ളവര്‍ പ്രഖ്യാപിച്ച വീടുകളുടെ പണിമാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. സര്‍ക്കാരിന്റേതായി ഒരു വീടുപോലും ഇതുവരെ ഉയര്‍ന്നിട്ടില്ല.

പ്രതിഷേധ സംഗമത്തില്‍ പോത്തുകല്‍ മണ്ഡലം പ്രസിഡന്റ് സി.ആര്‍ പ്രകാശ് ആധ്യക്ഷം വഹിച്ചു. ആദിവാസി മൂപ്പന്‍ ചാത്തന്‍, മറിയാമ്മ ജോര്‍ജ്, എം.എ ജോസ്, സി.വി മുജീബ്, വിനീഷ് വെള്ളിമുറ്റം, കെ. റുബീന, ഓമന നാഗലോടി, പി.എന്‍ കവിത, സുമ, മനോജ് പ്രസംഗിച്ചു.

Top