ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം ആദ്യമല്ല, പക്വതയോടെ നേരിടണം ; ഇന്ത്യ

സിംഗപ്പൂര്‍: ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ ആദ്യമല്ലെന്നും സിക്കിമിലെ ദോക് ലാ പ്രദേശത്തെ തര്‍ക്കം തന്ത്രപരമായ പക്വതയോടെ ഇരുരാജ്യങ്ങളും നേരിടണമെന്നും കേന്ദ്ര വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്‍.

ഇരുരാജ്യങ്ങളും തമ്മില്‍ ദീര്‍ഘമായ അതിര്‍ത്തിയാണുള്ളത്. ഇവ കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ല. അതിനാല്‍ തര്‍ക്കങ്ങള്‍ക്കു സാധ്യതയേറെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുന്‍പുണ്ടായ തര്‍ക്കങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. എന്നു കരുതി പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൂടെന്നില്ല. അതിര്‍ത്തി തര്‍ക്കത്തിനു പുറമേ തീവ്രവാദം, ആണവോര്‍ജം, ഗതാഗത ബന്ധം എന്നിവയിലെ അഭിപ്രായവ്യത്യാസങ്ങളും അടുത്തകാലത്തു ശ്രദ്ധ നേടിയതായി അദ്ദേഹം പറഞ്ഞു. ‘ആസിയാനും മാറുന്ന ഭൗമരാഷ്ടീയവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

എന്നാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ വൈവിധ്യമാര്‍ന്ന ബന്ധമാണുള്ളതെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ തര്‍ക്ക വിഷയങ്ങളായി മാറാന്‍ പാടില്ലെന്നും ജയ്ശങ്കര്‍ വ്യക്തമാക്കി.

Top