വാഷിംഗ്ടണ്‍: ദേശീയ സുരക്ഷയ്ക്ക് യു.എസിനെ റഷ്യ ഭീഷണിയായി കാണേണ്ട കാര്യമില്ലെന്ന് പെന്റഗണ്‍. വാഷിംഗ്ടണും നാറ്റോയും റഷ്യയുടെ ദേശീയ സുരക്ഷയ്ക്ക ഭീഷണിയാണെന്ന് മോസ്‌കോ പ്രസിദ്ധീകരിച്ച പുതിയ ദേശീയ സുരക്ഷാ റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് പെന്റഗണ്‍ പ്രസ്താവന നടത്തിയത്. അവര്‍ ഞങ്ങളെ സുരക്ഷാ ഭീഷണിയായി കാണേണ്ട ഒരു കാര്യവുമില്ല. റഷ്യയുമായി ഒരു സംഘര്‍ഷത്തിന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.
പെന്റഗണ്‍ വക്താവായ ക്യാപ്റ്റന്‍ ജെഫ് ഡേവിസ് പറഞ്ഞു. യു.എസ് പ്രസിഡന്റിന്റെ ഉയര്‍ന്ന സൈനിക ഉപദേശകനും ഡിഫന്‍സ് സെക്രട്ടറിയുമായ ജനറല്‍ ജോസഫ് ഡണ്‍ഫോഡ് കഴിഞ്ഞ ജൂലായില്‍ അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണി റഷ്യയാണെന്ന് പറഞ്ഞിരുന്നു.
റഷ്യയുടെ പുതിയ റിപ്പോര്‍ട്ട് ഡണ്‍ഫോഡിന്റെ അഭിപ്രായത്തില്‍ മാറ്റമൊന്നും വരുത്തില്ലെന്നും പെന്റഗണ്‍ വ്യക്തമാക്കി. പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ ഒപ്പിട്ട റഷ്യയുടെ പുതിയ ദേശീയ സുരക്ഷാ രേഖയില്‍ ആദ്യമായാണ് യു.എസിനെയും നാറ്റോ സഖ്യത്തിനെയും ദേശീയ സുരക്ഷാ ഭീഷണിയായി ഉള്‍പ്പെടുത്തുന്നത്. 2009ലെ ആദ്യ റിപ്പോര്‍ട്ടില്‍ യു.എസോ നാറ്റോയോ ഉള്‍പ്പെട്ടിട്ടില്ലായിരുന്നു.


