രാജി പിന്‍വലിക്കില്ല, ഞങ്ങള്‍ ഒറ്റക്കെട്ട്; അനുനയ നീക്കങ്ങള്‍ പൊളിച്ച് വിമത എം.എല്‍.എമാര്‍

മുംബൈ: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും അനുനയ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി രാജിയിലുറച്ച് വിമത എംഎല്‍എമാര്‍. രാജി പിന്‍വലിക്കില്ലെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ ഒറ്റക്കെട്ടാണെന്നും രാജിവെച്ച 13 എം.എല്‍.എമാരില്‍ ഒരാളായ എസ്.ടി സോമശേഖര്‍ പറഞ്ഞു. കോണ്‍ഗ്രസ് എം എല്‍ എയാണ് സോമശേഖര്‍. രാജിവെച്ച എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിന് പുറത്തെത്തിയാണ് എസ്.ടി സോമശേഖര്‍ മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.

‘ഞങ്ങള്‍ പതിമൂന്ന് എം എല്‍ എമാര്‍ സ്പീക്കര്‍ക്ക് രാജി സമര്‍പ്പിക്കുകയും ഗവര്‍ണറെ ഇക്കാര്യം അറിയിച്ചതുമാണ്. ഞങ്ങളെല്ലാവരും ഒറ്റക്കെട്ടാണ്. തിരിച്ചു ബെംഗളൂരുവിലേക്ക് പോകുന്നതിനെ കുറിച്ചോ രാജി പിന്‍വലിക്കുന്നതിനെ കുറിച്ചോ ഒരു ചോദ്യം ഉദിക്കുന്നതേയില്ല”- എസ്.ടി സോമശേഖര്‍ വ്യക്തമാക്കി.

എം.എല്‍.എമാരുടെ രാജി പിന്‍വലിപ്പിക്കാനായി കോണ്‍ഗ്രസ് ഇവര്‍ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. എം.എല്‍.എമാരുമായുള്ള കോണ്‍ഗ്രസിന്റെ വിലപേശല്‍ പുരോഗമിക്കുന്നതിനിടെയാണ് രാജിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് എം.എല്‍.എമാര്‍ അറിയിച്ചിരിക്കുന്നത്.

Top