രാഹുലിന്റെ പ്രസ്താവന തികച്ചും സാധാരണം: മാപ്പ് പറയില്ലെന്ന് തരൂര്‍

രാഹുല്‍ ഗാന്ധി നടത്തിയ റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശം തികച്ചും സാധാരണമായ പ്രസ്താവനയാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഇതിന്റെ പേരില്‍ അദ്ദേഹം മാപ്പ് പറയേണ്ട കാര്യം തന്നെയില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബിജെപി ഈ വിഷയം ഉയര്‍ത്തിയതോടെയാണ് കോണ്‍ഗ്രസ് പ്രതിരോധവുമായി രംഗത്ത് വരുന്നത്.

ലോക്‌സഭയിലും, രാജ്യസഭയിലും രാഹുല്‍ ഗാന്ധി പ്രസ്താവനയില്‍ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സഭയുടെ പ്രവര്‍ത്തനവും തടസ്സപ്പെടുത്തി. ഇത് ബിജെപിയുടെ തന്ത്രമാണെന്ന് ശശി തരൂര്‍ ആരോപിച്ചു. പൗരത്വ ഭേദഗതി ബില്‍ മൂലം നോര്‍ത്ത് ഈസ്റ്റ് പ്രദേശങ്ങള്‍ മുഴുവന്‍ കത്തുമ്പോള്‍ പ്രതിഷേധങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും തരൂര്‍ ചൂണ്ടിക്കാണിച്ചു.

‘രാഹുല്‍ ഗാന്ധി മാപ്പ് പറയുമെന്ന ചോദ്യം തന്നെ ഉദിക്കുന്നില്ല. അദ്ദേഹം സ്ഥിതിഗതിയില്‍ തികച്ചും സാധാരണമായ പ്രസ്താവനയാണ് നടത്തിയത്’, പാര്‍ലമെന്റിന് പുറത്ത് തരൂര്‍ വ്യക്തമാക്കി. ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിക്ക് ഇടെയാണ് പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി നാട്ടില്‍ കാണാനില്ലെന്നും എവിടെ നോക്കിയാലും റേപ്പ് ഇന്‍ ഇന്ത്യയാണെന്നും രാഹുല്‍ വിമര്‍ശിച്ചത്.

രാഹുലിന്റെ പ്രസ്താവന വിവാദമാക്കിയ ബിജെപി വിദേശികളെ പീഡിപ്പിക്കാന്‍ സ്വാഗതം ചെയ്യുന്ന തരത്തിലാണ് ഈ പ്രസ്താവനയെന്നാണ് വിമര്‍ശനം ഉന്നയിക്കുന്നത്.

Top