എയ്ഡഡ് നിയമനം പിഎസ്‌സിക്കു വിടില്ല: കോടിയേരി

കൊച്ചി: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ്‌സിക്കു വിടാൻ സർക്കാർ ആലോചിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാരോ ഇടതു മുന്നണിയോ ഇക്കാര്യം പരിശോധിച്ചിട്ടില്ലെന്ന് കോടിയേരി പറഞ്ഞു.

എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പിഎസ്‌സിക്കു വിടണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ ആവശ്യപ്പെട്ടത് ചർച്ചയായ സാഹചര്യത്തിലാണ് കോടിയേരിയുടെ പ്രതികരണം. എകെ ബാലന്റെ അഭിപ്രായത്തിനെതിരെ എൻഎസ്എസും കെസിബിസിയും രംഗത്തുവന്നിരുന്നു. അതേസമയം എൻസിഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ബാലനെ അനുകൂലിച്ചു.

എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനത്തിന്റെ കാര്യത്തിൽ സർക്കാർ എല്ലാ വശങ്ങളും പരിശോധിച്ച് ആലോചിച്ചേ തീരുമാനമെടുക്കൂവെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. നിലവിൽ സർക്കാർ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്ന് കോടിയേരി വ്യക്തമാക്കി.

എയ്ഡഡ് നിയമനങ്ങൾ പിഎസ്‌സിക്കു വിടാനുള്ള നീക്കത്തിനു പിന്നിൽ സിപിഎമ്മിന്റെ ഗൂഢ നീക്കമുണ്ടെന്നായിരുന്നു എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നേരത്തെ പ്രതികരിച്ചത്. എയ്ഡഡ് സ്ഥാപനങ്ങൾ വർഷങ്ങളായി തുടരുന്ന സേവനം മറക്കരുതെന്നും സുകുമാരൻ നായർ പറഞ്ഞു.

Top