കശ്മീരിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുംവരെ സമരങ്ങള്‍ അനുവദിക്കില്ല: ഡി.ജി.പി ദില്‍ബാഗ് സിങ്

JAMMU KASHMEER

ശ്രീനഗര്‍: കശ്മീരിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുംവരെ കുത്തിയിരിക്കല്‍ സമരം ഉള്‍പ്പടെയുള്ള യാതൊരു സമരങ്ങളും അനുവദിക്കില്ലെന്ന് പോലീസ്. കഴിഞ്ഞ ദിവസം കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിക്കെതിരെ ശ്രീനഗറില്‍ കുത്തിയിരുപ്പ് സമരം നടത്തിയ ഒരുകൂട്ടം സ്ത്രീകളെ അറസ്റ്റ് ചെയ്ത് നീക്കിയ സാഹചര്യത്തിലാണ് ഡി.ജി.പി ദില്‍ബാഗ് സിങ് നിലപാട് വ്യക്തമാക്കിയത്.

മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ മകളും സഹോദരിയും ഉള്‍പ്പെടെയുള്ളവരെയാണ് കുത്തിയിരുപ്പ് സമരം നടത്തിയതിന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. അധ്യാപകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുന്നതിന് മുന്‍പ് സമാധാനം കൂടുതല്‍ ഉറപ്പിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ജമ്മു കശ്മീര്‍ പോലീസ് തലവനായ ദില്‍ബാഗ് സിങ് പറഞ്ഞു.

സ്ത്രീകള്‍ ഉയര്‍ത്തിയ പ്ലക്കാര്‍ഡുകള്‍ അത്ര നല്ലതല്ലെന്നും അതിന് ചില ക്രമസമാധാന പ്രത്യാഘാതങ്ങള്‍ ഉണ്ടെന്നും അതിനാലാണ് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫറൂഖ് അബ്ദുള്ളയുടെ സഹോദരി സുരയ്യ അബ്ദുള്ള, മകള്‍ സഫിയ അബ്ദുള്ള ജമ്മു കശ്മീര്‍ മുന്‍ ചീഫ് ജസ്റ്റിസ് ബഷീര്‍ അഹ്മദ് ഖാന്റെ ഭാര്യ ഹവ ബഷീര്‍ എന്നിവരുള്‍പ്പെടെയാണ് അറസ്റ്റിലായത്.

Top