ഇത്തവണ പമ്പയില്‍ പൊലീസ് ചെക് പോസ്റ്റ് ഇല്ല, നിയന്ത്രണങ്ങള്‍ കുറയ്ക്കും; ഡിജിപി

DGP Loknath Behera

കൊച്ചി: പമ്പയില്‍ ഇത്തവണ പൊലീസ് ചെക് പോസ്റ്റ് വേണ്ട എന്നാണ് തീരുമാനം എന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. ശബരിമലയില്‍ എല്ലാ തീര്‍ഥാടനകാലത്തും ചില പൊലീസ് നിയന്ത്രണങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ നിയന്ത്രണങ്ങള്‍ കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കൂടുതല്‍ ആലോചനകള്‍ക്കു ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന് ലോക്നാഥ് ബെഹറ പറഞ്ഞു. വിധിയില്‍ ചില അവ്യക്തതകള്‍ ഉള്ളതിനാല്‍ അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടുമെന്നും ഡിജിപി പറഞ്ഞു.

സുപ്രീം കോടതി റിവ്യൂ ഹര്‍ജികളില്‍ തീരുമാനം മാറ്റിവയ്ക്കുകയും വിശ്വാസ വിഷയങ്ങള്‍ വിശാലബെഞ്ചിനു വിടുകയും ചെയ്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. മാത്രമല്ല പഴയ വിധി നിലനില്‍ക്കുന്നതിനാല്‍ സ്ത്രീകള്‍ വരാനുള്ള സാധ്യത കൂടുതലാണ് താനും. ഈ സാഹചര്യം മുന്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ നിയമോപദേശം തേടുകയും മുന്‍ നിലപാടില്‍നിന്നു പിന്നാക്കം പോവാന്‍ തീരുമാനിക്കുകയും ചെയ്തത്.

മണ്ഡല കാലപൂജകള്‍ക്കായി ശബരിമല നട ഇന്നു വൈകീട്ട് തുറക്കാനിരിക്കെ, ഇത്തവണ നിരോധനാജ്ഞ ഏര്‍പ്പെടുത്തുന്നില്ലെന്ന് പത്തനംതിട്ട കലക്ടര്‍ പി.ബി നൂഹ് ഇന്നലെ അറിയിച്ചിരുന്നു. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ നിരോധനാജ്ഞയില്ല. യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ലെങ്കിലും കഴിഞ്ഞ വര്‍ഷം ഒരുക്കിയതു പോലുള്ള കനത്ത സുരക്ഷ ഇത്തവണ വേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം. എന്നാല്‍ ക്രമസമാധാനപ്രശ്നങ്ങള്‍ ഉണ്ടായാല്‍ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തും.

Top