ആധാര്‍ കാര്‍ഡ്, സോഷ്യല്‍ മീഡിയ ബന്ധിപ്പിക്കല്‍; ഒടുവില്‍ മനസ്സ് തുറന്ന് മന്ത്രി

ധാര്‍ കാര്‍ഡ് ഏതെല്ലാം ഉപയോഗങ്ങളുമായി ബന്ധിപ്പിക്കാമെന്ന ഗവേഷണത്തിലാണ് സര്‍ക്കാര്‍. ജനങ്ങളുടെ വിവരങ്ങള്‍ പരമാവധി ലഭിക്കുന്നതിന് പുറമെ നടപടിക്രമങ്ങള്‍ മറികടക്കുന്ന വിരുതന്‍മാരെ അനായാസം പിടികൂടാനും ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടും, ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുക എന്നത് പലരെയും സംബന്ധിച്ച് ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണ്.

ഈ ആവശ്യം സംബന്ധിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഒടുവില്‍ വ്യക്തത വരുത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ അക്കൗണ്ടും, ആധാറും ബന്ധിപ്പിക്കാന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്നാണ് പ്രസാദിന്റെ സ്ഥിരീകരണം. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നതിന് പുറമെ അക്കൗണ്ടുകള്‍ ബ്ലോക് ചെയ്യാന്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി ഐടി ആക്ട് അനുസരിച്ച് സര്‍ക്കാരിന് അധികാരമുണ്ടെന്നും എഴുതിനല്‍കിയ മറുപടിയില്‍ രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

ഇന്ത്യയില്‍ 121 പേരുടെ ഫോണുകളെയാണ് ഇസ്രയേലി സ്‌പൈവെയര്‍ പെഗാസസ് ലക്ഷ്യംവെച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൗരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി ഇതുസംബന്ധിച്ച് വാട്‌സ്ആപ്പിനോട് വിശദീകരണം ചോദിച്ചതായും അറിയിച്ചു. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം മാല്‍വെയര്‍ ഉപയോഗിച്ച എന്‍എസ്ഒ ഗ്രൂപ്പിനെതിരെ യുഎസില്‍ വാട്‌സ്ആപ്പ് കേസ് നല്‍കിയിട്ടുണ്ട്. ഏകദേശം 1400 ഫോണുകളിലാണ് ഇവര്‍ നിരീക്ഷണം നടത്തിയതെന്നാണ് വിവരം.

Top