ജനസംഖ്യ നിയന്ത്രണത്തിന് നിയമം പരിഗണനയില്ല: ആരോഗ്യമന്ത്രാലയം

ഡൽഹി: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് നിയമം പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ജനങ്ങളെ ബോധവത്ക്കരിക്കുന്നതടക്കമുള്ള മറ്റു വഴികളിലൂടെ ജനസംഖ്യാ നിയന്ത്രണത്തിന് രാജ്യത്തിന് കഴിയുന്നുണ്ടെന്നും അതിനാൽ നിയമനിർമ്മാണം പരിഗണനയില്ലെന്നുമാണ് ആരോഗ്യമന്ത്രാലയം നൽകുന്ന സൂചന.

ജനസംഖ്യാ നിയന്ത്രണത്തിന് കേന്ദ്രം നിയമം കൊണ്ടുവരുമെന്ന് നേരത്തെ ഭക്ഷ്യ സംസ്ക്കരണ മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടീൽ അറിയിച്ചിരുന്നു. ഇതിനെതിരെ രാജ്യത്ത് വിവിധ വിഭാഗങ്ങളും സംഘടനകളും വലിയ പ്രതിഷേധം ഉയർത്തി. നിയമമന്ത്രാലയമോ ആരോഗ്യമന്ത്രാലയമോ വ്യക്തത നൽകേണ്ട വിഷയത്തിൽ ഭക്ഷ്യ മന്ത്രിയുടെ ഭാഗത്ത് നിന്നും പ്രസ്താവന വന്നത് വലിയ ചർച്ചകൾക്കും സംശയത്തിനും ഇടയാക്കി. വിഷയം ദേശീയതലത്തിൽ ചർച്ചയായതോടെ ജനസംഖ്യാ നിയന്ത്രണത്തിൽ ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെ ഭാഗത്ത് നിന്നും ചില സൂചനകളും ലഭിച്ചു. ജനസംഖ്യ നിയന്ത്രിക്കുന്നതിന് ചില നടപടികൾ സ്വീകരിക്കുന്നതിൽ ആലോചനകൾ നടക്കുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്. നിയമനിർമ്മാണം ആവശ്യമാണോ എന്നതിൽ ആലോചനകൾക്ക് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top