അഭ്യൂഹങ്ങള്‍ തള്ളി കെജ്രിവാള്‍; ഡല്‍ഹിയില്‍ ഇനി ലോക്ഡൗണ്‍ നടപ്പാക്കില്ല

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വീണ്ടും ലോക്ഡൗണ്‍ നടപ്പാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ലോക്ഡൗണ്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

” ഡല്‍ഹിയില്‍ വീണ്ടും ലോക്ഡൗണ്‍ നടപ്പാക്കുമെന്ന് പല ആളുകളും ഊഹാപോഹങ്ങള്‍ നടത്തുന്നുണ്ട്. അത്തരം പദ്ധതികളൊന്നുമില്ല”-കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

ഡല്‍ഹിയിലെയും പരിസര പ്രദേശങ്ങളിലെയും കോവിഡ്-19 നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹിയിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇനി ലോക്ക്ഡൗണ്‍ നടപ്പാക്കില്ലെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കിയത്.

മഹാരാഷ്ട്രയ്ക്കും തമിഴ്‌നാട്ടിനും ശേഷം ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള മൂന്നാമത്തെ സംസ്ഥാനമാണ് ഡല്‍ഹി.41,182 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1,327 പേരാണ് രോഗം ബാധിച്ച് മരണപ്പെട്ടത്.

Top