വന്ദേഭാരത് പോകുന്നതിനായ് മറ്റു ട്രയ്‌നുകള്‍ പിടിച്ചിടുന്നില്ല; വിശദീകരണവുമായ് റെയില്‍വേ

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസ് പോകുന്നതിനായി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. വന്ദേഭാരത് വന്നതിന്റെ ഫലമായി ചില ട്രെയിനുകള്‍ക്ക് വേഗം കൂട്ടിയിട്ടുണ്ടെന്നും റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ രേഖപ്പെടുത്തി.

വന്ദേഭാരത് ഓടുന്നതിന്റെ ഭാഗമായി തിരുവനന്തപുരം – ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്, ആലപ്പുഴ – എറണാകുളം പാസഞ്ചര്‍, എറണാകുളം – കായംകുളം പാസഞ്ചര്‍ എന്നിവയുടെ വേഗം കൂട്ടി. കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്, രാജധാനി എക്‌സ്പ്രസ് എന്നിവ കൃത്യസമയം പാലിക്കുന്നുണ്ട്. പുതുക്കിയ ടൈംടേബിള്‍ പ്രകാരമാണ് നിലവില്‍ ട്രെയിനുകള്‍ ഓടുന്നത്.

ഒക്ടോബറില്‍ കനത്ത മഴയെത്തുടര്‍ന്ന് ട്രാക്കില്‍ വെള്ളം കയറുകയും ചിലയിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ ട്രെയിനുകള്‍ വൈകിയിരുന്നു. ആലപ്പുഴ – കണ്ണൂര്‍ എക്‌സ്പ്രസ്, എറണാകുളം – കായംകുളം സ്‌പെഷല്‍ എക്‌സ്പ്രസ്, തിരുവനന്തപുരം – ഗുരുവായൂര്‍ എക്‌സ്പ്രസ്, മംഗലാപുരം – നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്, നാഗര്‍കോവില്‍ – കോട്ടയം എക്‌സ്പ്രസ് എന്നിവ കഴിഞ്ഞയാഴ്ച (ഒക്ടോബര്‍ 20-26) കൃത്യസമയം പാലിച്ചിരുന്നു. വന്ദേഭാരത് ഓടിക്കാനായി ഒരു ട്രെയിനും വൈകിപ്പിച്ചിട്ടില്ലെന്നും റെയില്‍വേ വ്യക്തമാക്കി.

Top