മോദി ചെയ്യുന്നത് ഭായിയോം ബഹനോം നാടകം: തുറന്നടിച്ച്‌ സിദ്ധരാമയ്യ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാള്‍ നുണയനായ മറ്റൊരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ.

ഇന്ത്യന്‍ ചരിത്രത്തില്‍ മറ്റൊരു പ്രധാനമന്ത്രിയും നരേന്ദ്രമോദിയേക്കാള്‍ നുണപറഞ്ഞിട്ടില്ല, മോദി ജനങ്ങളെ ചതിച്ചുവെന്നും മോദി സര്‍ക്കാര്‍ രാജ്യത്തിന്റ ആരോഗ്യ-സാമ്പത്തിക രംഗങ്ങള്‍ തകര്‍ത്തുവെന്നും സിദ്ധരാമയ്യ പറഞ്ഞു.

20ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. എന്നാല്‍ അത് ആര്‍ക്കാണ് ഉത്തേജനം നല്‍കുന്നത്. അവര്‍ പറയുന്നത് ഈ തുക ജി.ഡി.പിയുടെ 10 ശതമാനം വരുമെന്നാണ്. പക്ഷേ ട്രഷറികളിലൂടെ പുറത്തുവരുന്ന തുക രണ്ടുലക്ഷം കോടി മാത്രമാണ്. ഇത് ജി.ഡി.പിയുടെ ഒരു ശതമാനം പോലും വരില്ല.

മറ്റു പലരാജ്യങ്ങളും ജി.ഡി.പിയുടെ 10 മുതല്‍ 40 ശതമാനം വരെ പ്രഖ്യാപിക്കുന്നുണ്ട്. മോദിചെയ്യുന്നത് ഭായിയോം ബഹനോം നാടകം മാത്രമാണ്. മന്‍കി ബാത്തില്‍ ആര്‍.എസ്.എസ് ബാത് അല്ലാതെ മറ്റൊന്നുമില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

Top