ഐ.സി.സി കിരീടങ്ങളുടെ കാര്യത്തിൽ ധോണി ചെയ്തത് മറ്റൊരു നായകനും ചെയ്യാനാകില്ല; ഗൗതം ഗംഭീർ

ന്യൂഡൽഹി: ടി20 ലോകകപ്പ് സെമിയിൽ ഇന്ത്യ പുറത്തായതിനു പിന്നാലെ പ്രതികരണവുമായി മുൻ താരം ഗൗതം ഗംഭീർ. മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയെ പ്രകീർത്തിച്ചാണ് ഗംഭീർ രംഗത്തെത്തിയിരിക്കുന്നത്. ഐ.സി.സി കിരീടങ്ങളുടെ കാര്യത്തിൽ ധോണി ചെയ്തത് മറ്റൊരു ഇന്ത്യൻ നായകനും ചെയ്യാനാകുമെന്ന് കരുതുന്നില്ലെന്ന് ഗംഭീർ അഭിപ്രായപ്പെട്ടു.

ഇനിയും പുതിയ താരങ്ങൾ വന്ന് രോഹിത് ശർമയെക്കാളും ഇരട്ട സെഞ്ച്വറികൾ നേടാനിടയുണ്ട്. വിരാട് കോഹ്ലിയെക്കാളും സെഞ്ച്വറിയും നേടുകയും ചെയ്യാം. എന്നാൽ, മൂന്ന് ഐ.സി.സി കിരീടങ്ങൾ സ്വന്തമാക്കിയ ധോണിയുടെ നേട്ടം മറ്റൊരു ഇന്ത്യൻ നായകനും സ്വന്തമാക്കാനാകുമെന്ന് കരുതുന്നില്ല-ഗംഭീർ സ്റ്റാർ സ്‌പോർട്‌സ് ചർച്ചയിൽ വ്യക്തമാക്കി.

സെമിയിൽ നിരാശാജനകമായ പ്രകടനത്തിനു പിന്നാലെയും ടീമിനെ വ്യംഗ്യമായി കുറ്റപ്പെടുത്തുന്ന തരത്തിൽ ഗംഭീർ ട്വീറ്റ് ചെയ്തിരുന്നു. എന്തെങ്കിലും ചെയ്യാനാകുന്നവരിൽനിന്നേ പ്രതീക്ഷിക്കുന്നുള്ളൂവെന്നായിരുന്നു പരോക്ഷ സൂചനകളുമായി മുൻ താരത്തിന്റെ ട്വീറ്റ്.

വ്യാഴാഴ്ച അഡലെയ്ഡിൽ നടന്ന സെമി ഫൈനലിൽ ഇന്ത്യ ഉയർത്തിയ 169 റൺസിന്റെ വിജയലക്ഷ്യം അനായാസമാണ് ഇംഗ്ലണ്ട് മറികടന്നത്. നായകൻ ജോസ് ബട്‌ലറും അലെക്‌സ് ഹെയിൽസും ചേർന്ന് ഓപണിങ് കൂട്ടുകെട്ടിൽ തന്നെ ലക്ഷ്യം സ്വന്തമാക്കി. നാല് ഓവർ ബാക്കിനിൽക്കെയായിരുന്നു ഇംഗ്ലീഷ് സംഘത്തിന്റെ പത്തു വിക്കറ്റ് ജയം.

Top