സുശാന്തിന്റെ ശരീരത്തിൽ വിഷാംശമില്ല; എയിംസ് റിപ്പോർട്ട്

ന്യൂഡൽഹി: ബോളിവുഡ്​ താരം സുശാന്ത്​ സിങ്​ രാജ്​പുത്തിൻെറ  ശരീരത്തിൽ വിഷാംശം ഒന്നും കണ്ടെത്താനായില്ലെന്നാണ് ഫൊറൻസിക് റിപ്പോർട്ട്. എയിംസ് സംഘം പുനഃപരിശോധിച്ച ശേഷം സിബിഐക്ക് സമർപ്പിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും ആന്തരാവയവങ്ങളുടെ പരിശോധനാ ഫലത്തിന്റെയും റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ 40 ദിവസത്തെ സി.ബി.ഐയുടെ കണ്ടെത്തലുകളെ സ്ഥിരീകരിക്കുന്നതാണ്​ എയിംസ്​ റിപ്പോർട്ട്​ എന്നാണ്​ വിവരം.

കൂപ്പർ ആശുപത്രിയുടെ റിപ്പോർട്ട് പുനഃപരിശോധിക്കുമെന്നും പോസ്റ്റ്മോർട്ടം സമയത്ത് മോർച്ചറിയിൽ വെളിച്ചക്കുറവുണ്ടായിരുന്നു എന്നും എയിംസ് റിപ്പോർട്ടിൽ പറയുന്നു.

സെപ്റ്റംബർ 7നാണ് സുശാന്തിന്റെ ആന്തരാവയവങ്ങളുടെ പരിശോധനയും നടത്തുമെന്ന് എയിംസ് അറിയിച്ചത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കണ്ടെത്തലുകളിൽ എയിംസും സിബിഐയും യോജിക്കുന്നുണ്ടെങ്കിലും കൂടുതൽ ചർച്ചകൾ ആവശ്യമാണെന്ന് എയിംസ് ഫൊറൻസിക് മെഡിക്കൽ ബോർഡ് ചെയർമാൻ ഡോ.സുധീർ ഗുപ്ത പറഞ്ഞു. ചില കാര്യങ്ങളുടെ നിയമവശങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ടെന്നും ഇതു തികച്ചും നിർണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സുശാന്ത് മരിച്ചുകിടക്കുന്നതിന്റെ ചിത്രങ്ങളിൽനിന്ന് കഴുത്ത് ഞെരിച്ച് കൊല്ലപ്പെടുത്തിയതിനാണ് സാധ്യതയെയും ആത്മഹത്യയല്ലെന്നുമാണ് മനസ്സിലാക്കുന്നതെന്ന് എയിംസ് സംഘത്തിലെ ഒരു ഡോക്ടർ തന്നോട് പറഞ്ഞിരുന്നതായി സുശാന്തിന്റെ കുടുംബ അഭിഭാഷകൻ വികാസ് സിങ് ട്വിറ്ററിൽ അവകാശപ്പെട്ടു. എന്നാൽ ഇത്തരത്തിലുള്ള അടയാളങ്ങളിൽനിന്ന് അഭിപ്രായം പറയാൻ സാധിക്കില്ലെന്ന് ഡോ.സുധീർ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.

ജൂൺ 14ന് ആണ് സുശാന്തിനെ ബാന്ദ്രയിലെ അപാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 19ന് സുപ്രീം കോടതി അന്വേഷണം സിബിഐയ്ക്കു കൈമാറി.

Top