ഉത്തര്‍പ്രദേശില്‍ ആരും സുരക്ഷിതരല്ല; രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ലക്‌നൗ: കാട്ടുനീതി നടപ്പിലുള്ള ഉത്തര്‍പ്രദേശില്‍ ആരും സുരക്ഷിതരല്ലെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാര്‍ദ്ര. യുപിയില്‍ പൊലീസുകാര്‍ പോലും സുരക്ഷിതരല്ലെന്ന് പ്രിയങ്ക വിമര്‍ശിച്ചു.

കാണ്‍പുരില്‍ റെയ്ഡിനിടെ വെള്ളിയാഴ്ച രാവിലെ എട്ട് പോലീസുകാര്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ അവര്‍.യുപിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രിയങ്കയുടെ പ്രതികരണം.

ഭരണം കയ്യാളുന്ന ബിജെപിയുടെ നേതാക്കളും ക്രിമിനലുകളുമായി തമ്മില്‍ അവിശുദ്ധ ബന്ധങ്ങളുണ്ടെന്നും പ്രിയങ്ക ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകരുന്ന സാഹചര്യം മുന്‍നിര്‍ത്തി വിവിധ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ച് ഇ-ക്യാമ്പയിന്‍ തുടങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം.

കഴിഞ്ഞ വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലില്‍ ഡിഎസ്പി അടക്കം എട്ട് പൊലീസുകാരാണ് കൊല്ലപ്പെട്ടത്. ക്രിമിനല്‍ പശ്ചാത്തലമുള്ള വികാസ് ദുബെ എന്നയാളെ തിരഞ്ഞ് ബികാരു ഗ്രാമത്തിലെത്തിയ പൊലീസുകാര്‍ക്കെതിരെയാണ് ഒളിഞ്ഞിരുന്ന പ്രതികള്‍ വെടിയുതിര്‍ത്തത്.ഡപ്യൂട്ടി സൂപ്രണ്ട്, മൂന്ന് എസ്ഐമാര്‍, നാലു കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. തലസ്ഥാനമായ ലക്നൗവില്‍നിന്ന് 150 കിലോമീറ്റര്‍ അകലെയാണു സംഭവം.

Top