തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ല; വീഡിയോയുമായി കാണാതായ ഇർഷാദ്

കോഴിക്കോട്: കോഴിക്കോട് സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയയെന്ന വാർത്തയിൽ പ്രതികരണവുമായി കാണാതായ ഇർഷാദ്. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് കാണാതായ ഇർഷാദിന്റെ വെളിപ്പെടുത്തൽ. ഷമീറിനെ പേടിച്ചിട്ടാണ് മാറി നിൽക്കുന്നതെന്നും ഷമീറാണ് എല്ലാത്തിനും പിന്നിലെന്നും ഇർഷാദ് വെളിപ്പെടുത്തി. ഷമീർ തന്നെ ഭീഷണിപ്പെടുത്തുന്നു. വീഡിയോയിലൂടെയാണ് ഇർഷാദിന്റെ വിശദീകരണം.

അതിനിടെ കോഴിക്കോട് സ്വർണക്കടത്തു സംഘം യുവാവിനെ തട്ടിക്കൊണ്ടുയെന്ന പരാതിയിൽ ഒരാളെ അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി മർഷീദിന്റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. പേരാമ്പ്ര എ. എസ് പി വിഷ്ണു പ്രദീപിനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല. താമരശേരിക്ക് അടുത്തുള്ള കൈതപ്പൊയിൽ ഉള്ള സംഘമാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിന് ലഭിച്ച സൂചന.

ഇതിനിടെ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ രണ്ടുപേരെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ഭർത്താവിനെ ദുബായിൽ ചിലർ ബന്ദിയാക്കിയെന്നും ഇർഷാദ് സ്വർണ്ണം നൽകിയാൽ മാത്രമേ ഭർത്താവിനെ വിട്ടു നൽകുകയുള്ളൂ എന്നും ഇർഷാദിന്റെ മാതാവിനോട് പറഞ്ഞ യുവതിയെയും ഇന്നലെ കസ്റ്റഡിയിലായ ഷമീർ നൽകിയ മൊഴിയിലെ യുവാവിനെയുമാണ് ചോദ്യം ചെയ്തത്.

ദുബായിൽ നിന്ന് കഴിഞ്ഞ മേയിലാണ് ഇർഷാദ് നാട്ടിലെത്തിയത്. തുടര്‍ന്ന് കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി വീട്ടിൽ വിളിച്ചത്. പിന്നീട് ഒരു വിവരവും ഇല്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനിടെ, വിദേശത്തുള്ള സഹോദരന്‍റെ ഫോണിലേക്ക് വാട്സ്ആപ് വഴി ഭീഷണി സന്ദേശം എത്തി. ഇർഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം അയച്ചുകൊടുത്തു. ദുബായിൽ നിന്ന് വന്ന ഇർഷാദിന്‍റെ കയ്യിൽ കൊടുത്തു വിട്ട സ്വർണം കൈമാറിയില്ലെന്ന് കാട്ടി ചിലർ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ബന്ധുക്കൾ പറയുന്നു.

Top