ആരും പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നില്ല, ബിജെപി ഗൗതമിയുടെ പക്ഷത്താണ്; കെ അണ്ണാമലൈ

ചെന്നൈ: ബിജെപിയില്‍നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് നടി ഗൗതമി പാര്‍ട്ടി വിട്ടതിനു പിന്നാലെ പ്രതികരണവുമായി ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ രംഗത്തെത്തി. ഗൗതമിക്ക് തെറ്റിദ്ധാരണയുണ്ടായതാണെന്നും ബിജെപി അവര്‍ക്കൊപ്പം തന്നെയാണെന്നും അണ്ണാമലൈ പറഞ്ഞു.

ആരും പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നില്ല. തെറ്റിദ്ധാരണയുണ്ടായതാണ്. പൊലീസ് വിഷയം പരിശോധിച്ച് നടപടിയെടുക്കണം. പ്രതിക്ക് ബിജെപിയുമായി ബന്ധമില്ല. അയാള്‍ 25 വര്‍ഷം ഗൗതമിയുടെ സുഹൃത്തായി ഉണ്ടായിരുന്നു. അയാള്‍ അവരെ വഞ്ചിച്ചു. അത് ഗൗതമിയും അയാളും തമ്മിലുള്ള കേസാണ്. ഇതില്‍ ഞങ്ങള്‍ ഗൗതമിയുടെ പക്ഷത്താണ് അണ്ണാമലൈ പറഞ്ഞു.

പാര്‍ട്ടി തന്നെ പിന്തുണയ്ക്കുന്നില്ലെന്നും തന്റെ പണം തട്ടിയെടുത്ത സി അഴകപ്പനെ ചില നേതാക്കള്‍ പിന്തുണയ്ക്കുന്നെന്നും ആരോപിച്ചാണ് ബിജെപിയുമായുള്ള 25 വര്‍ഷത്തെ ബന്ധം ഗൗതമി അവസാനിപ്പിച്ചത്. തന്റെ 25 കോടി രൂപയുടെ സ്വത്ത് വ്യാജരേഖകള്‍ ഉപയോഗിച്ച് അഴകപ്പനും ഭാര്യയും തട്ടിയെടുത്തെന്ന് ആരോപിച്ച് ഗൗതമി ചെന്നൈ പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയിരുന്നു.

സാമ്പത്തിക ആവശ്യങ്ങള്‍ക്കായി തന്റെ പേരിലുള്ള 46 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. അതു വില്‍ക്കാന്‍ സഹായിക്കാമെന്ന് അഴകപ്പനും ഭാര്യയും പറഞ്ഞു. അവരെ വിശ്വസിച്ച് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയെന്നും അഴകപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ചും വ്യാജരേഖ ചമച്ചും 25 കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നുമാണ് ഗൗതമിയുടെ പരാതി.

Top