കോഹ്ലിയുടെ സ്ഥാനം ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല: റോബിന്‍ ഉത്തപ്പ

ഇന്ത്യന്‍ ടീമിലെ വിരാട് കോഹ്ലിയുടെ സ്ഥാനം ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം റോബിന്‍ ഉത്തപ്പ. കോഹ്ലിയുടെ സ്ഥാനത്തെ കുറിച്ചോ അദ്ദേഹം എടുക്കുന്ന ഇടവേളകളെ കുറിച്ചോ സംസാരിക്കുന്നത് ശരിയല്ലെന്ന് ഉത്തപ്പ പറഞ്ഞു. തന്റെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ കഴിഞ്ഞാല്‍ താരത്തിന് മികച്ച ഫോമിലേക്ക് എത്താനാകുമെന്നും ഉത്തപ്പ പറഞ്ഞു.

കരിയറിലെ ഏറ്റവും മോശം സാഹചര്യത്തിലൂടെയാണ് കോഹ്ലി കടന്നുപോകുന്നത്. ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ചാം ടെസ്റ്റ് മത്സരത്തിലെ രണ്ട് ഇന്നിംഗ്‌സുകളില്‍ വെറും 11, 20 എന്നിങ്ങനെയായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന ഏകദിന, ട്വന്റി 20 പരമ്പരയില്‍ കോഹ്ലിയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു.

അതേസമയം, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ അടുത്തിടെ നടന്ന ടി20 മത്സരങ്ങളില്‍ സെഞ്ച്വറികള്‍ നേടിയിരുന്നു. ഇതോടെയാണ് ടീമിലെ കോഹ്ലിയുടെ സ്ഥാനം ശക്തമായി ചോദ്യം ചെയ്യപ്പെട്ടത്. വിരാട് കോഹ്ലി 30-35 അന്താരാഷ്ട്ര സെഞ്ച്വറികള്‍ കൂടി നേടും. ദേശീയ ടീമിനായി മത്സരങ്ങള്‍ വിജയിപ്പിക്കാനുള്ള കോഹ്ലിയുടെ കഴിവ് സംശയാതീതമാണെന്നും ഷെയര്‍ചാറ്റിന്റെ ഓഡിയോ ചാറ്റ്‌റൂം സെഷനില്‍ സംസാരിക്കവെ റോബിന്‍ ഉത്തപ്പ പറഞ്ഞു.

Top