തനിക്ക് ആരും ഫോണ്‍ തന്നിട്ടില്ല; ആരോപണം നിഷേധിച്ച് ചെന്നിത്തല

chennithala

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയെന്ന യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ ഇന്നു വരെ ആരില്‍ നിന്നും ഐഫോണ്‍ വാങ്ങിയിട്ടില്ല. കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് തന്റെ കയ്യില്‍ ഉള്ളത്. ആരോപണത്തെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

യുഎഇ ദിന പരിപാടിയില്‍ പങ്കെടുത്തിരുന്നു. ലക്കി ഡ്രോ പരിപാടി നടത്തിയിരുന്നു. ആരും തനിക്ക് ഫോണ്‍ തന്നിട്ടില്ല. സന്തോഷ് ഈപ്പനെ കണ്ടിട്ട് പോലുമില്ല. തനിക്ക് എന്ന പേരില്‍ ഫോണ്‍ വാങ്ങി മറ്റാര്‍ക്കെങ്കിലും കൊടുത്തതാകാം. സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലില്‍ ഗൂഢാലോചന ഉണ്ടേയെന്ന് അറിയില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ചെന്നിത്തലയ്ക്ക് ഫോണ്‍ വാങ്ങിയ നല്‍കിയ കാര്യം വെളിപ്പെടുത്തിയത്. സ്വപ്‌ന ആവശ്യപ്പെട്ടത് അനുസരിച്ച് അഞ്ച് ഐ ഫോണ്‍ വാങ്ങിയെന്നും ഇതിലൊന്ന് ചെന്നിത്തലയ്ക്ക് നല്‍കിയെന്നുമാണ് സന്തോഷ് ഈപ്പന്‍ ഹര്‍ജിയില്‍ പറയുന്നത്. ഫോണ്‍ വാങ്ങിയതിന്റെ ബില്‍ കോടതിക്ക് കൈമാറി

യുഎഇ നാഷണല്‍ ഡേ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കാനാണ് ഫോണ്‍ എന്നാണ് സ്വപ്‌ന പറഞ്ഞത്. 2019 ഡിസംബര്‍ രണ്ടിന് നടന്ന പരിപാടിയില്‍ പ്രതിപക്ഷ നേതാവായിരുന്നു മുഖ്യാതിഥി. ഈ ചടങ്ങില്‍ വെച്ചാണ് ഫോണ്‍ കൈമാറിയതെന്ന് സന്തോഷ് ഈപ്പന്‍ പറയുന്നു. നവംബര്‍ 29 നാണ് കൊച്ചിയിലെ ഷോപ്പിങ് സെന്ററില്‍ നിന്ന് ഫോണ്‍ വാങ്ങിയത്.

Top