ഓക്‌സിജന്‍ ക്ഷാമം മൂലം ആരും മരിച്ചില്ല; കേന്ദ്രത്തിന്റെ വാദം തള്ളി ഛത്തീസ്ഗഢ് സര്‍ക്കാര്‍

റാഞ്ചി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തില്‍ ആരും ഓക്സിജന്‍ ക്ഷാമം മൂലം മരിച്ചിട്ടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തിനെതിരേ ഛത്തീസ്ഗഢ് സര്‍ക്കാര്‍. കേന്ദ്രം നുണ പറയുകയാണെന്നും സംസ്ഥാനത്ത് ആരെങ്കിലും ഓക്സിജന്‍ ക്ഷാമംമൂലം മരിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ ഓഡിറ്റ് നടത്തുമെന്നും ഭൂപേഷ് ബാഘേല്‍ സര്‍ക്കാരിലെ ആരോഗ്യമന്ത്രി ടി.എസ്.സിങ് ദേവ് പറഞ്ഞു

ഓക്സിജന്‍ ക്ഷാമംമൂലം എത്ര പേര്‍ മരിച്ചു എന്നതിന്റെ കണക്ക് കേന്ദ്രം സംസ്ഥാനത്തോട് ചോദിച്ചിരുന്നില്ലെന്നും ടി.എസ്. സിങ് ദേവ് പറഞ്ഞു.

കോവിഡ് രണ്ടാംതരംഗത്തിനിടെ സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ ആരും ഓക്സിജന്‍ ക്ഷാമംമൂലം മരിച്ചിട്ടില്ലെന്നായിരുന്നു കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചിരുന്നത്. പ്രതിദിന മരണം, രോഗിക്ക് കോവിഡിനെ കൂടാതെ മറ്റു ഗുരുതര രോഗങ്ങളുണ്ടായിരുന്നോ, മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ത് അസുഖമായിരുന്നു തുടങ്ങിയ കാര്യങ്ങള്‍ മാത്രമാണ് കേന്ദ്രം ആരാഞ്ഞത്. ഓക്സിജന്‍ ക്ഷാമംമൂലം ഏതെങ്കിലും രോഗി മരിച്ചോയെന്നറിയാന്‍ കോവിഡ് രണ്ടാം തരംഗത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ ഓഡിറ്റ് നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഛത്തീസ്ഗഢിന്റെ പക്കല്‍ ആവശ്യത്തിലധികം ഓക്സിജന്‍ ഉണ്ടായിരുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ആരും ഓക്സിജന്‍ ക്ഷാമംമൂലം മരിച്ചതായി രേഖകളുമില്ല. എന്നിരുന്നാലും രേഖകള്‍ തിരുത്തേണ്ടതുണ്ടെങ്കില്‍ സന്നദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top