ദേശീയ പൗരത്വ രജിസ്റ്ററുമായി ബംഗാളിലേക്ക് വരണ്ട; അമിത് ഷായ്ക്ക് ചുട്ട മറുപടിയുമായി മമത

കൊല്‍ക്കത്ത: ദേശീയ പൗരത്വ രജിസ്റ്ററുമായി ബംഗാളിലേക്ക് വരേണ്ടെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു മമതയുടെ പ്രതികരണം.

ബംഗാളിലെ ആരുടേയും പൗരത്വം ഒരാളും രേഖപ്പെടുത്താന്‍ പോകുന്നില്ല.വര്‍ഗീയ തരംതിരിവുകളുടെ പേരില്‍ ജനങ്ങളെ വിഭജിക്കാന്‍ അനുവദിക്കില്ലെന്ന മുന്‍ നിലപാടും അവര്‍ ആവര്‍ത്തിച്ചു.

പൗരത്വ രജിസ്റ്റര്‍ രാജ്യത്തുടനീളം നടപ്പാക്കും. ഈ വിഷയത്തില്‍ ഒരു മതവിഭാഗത്തില്‍പ്പെട്ടവരും പരിഭ്രമിക്കേണ്ടെന്നും ജനങ്ങളെയെല്ലാം പൗരത്വപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഒരു നടപടിക്രമം മാത്രമാണ് പൗരത്വ രജിസ്റ്ററെന്നുമായിരുന്നു അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞത്.

ആഗ്‌സറ്റ് 31ന് പ്രസിദ്ധീകരിച്ച അസം ദേശീയ പൗരത്വ രജിസ്റ്റര്‍ പട്ടികയില്‍ 3 കോടി 11 ലക്ഷം ആളുകള്‍ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെട്ടപ്പോള്‍ 19 ലക്ഷത്തിലധികം ആളുകള്‍ പട്ടികയില്‍ നിന്ന് പുറത്തായിരുന്നു. ഇത്രയും പേര്‍ പട്ടികയില്‍ നിന്ന് പുറത്തായത് വലിയ വിവാദങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും വഴിവെച്ചിരുന്നു.

Top