no one can force others to adopt a certain religion in pak pm sharif

കറാച്ചി: ഒരു മതത്തെ നിര്‍ബന്ധപൂര്‍വം മറ്റൊരാളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്.
ഹോളി ആഘോഷത്തോട് അനുബന്ധിച്ചു രാജ്യത്തെ ഹിന്ദു സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിര്‍ബന്ധിത മതപരിവര്‍ത്തനം, മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളുടെ നശീകരണം തുടങ്ങിയവയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കും. ഇവ ഇസ്‌ലാമിനകത്തെ കുറ്റകൃത്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.ഗ്രാമപ്രദേശങ്ങളില്‍ ഹിന്ദുക്കളെ നിര്‍ബന്ധിതമായി മതപരിവര്‍ത്തനം ചെയ്യിക്കുന്നതായുള്ള പരാതി നിരവധിത്തവണ ഹിന്ദു സമൂഹം ഉന്നയിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന.

ആരൊക്കെ നരകത്തില്‍പ്പോകുമെന്നോ സ്വര്‍ഗത്തില്‍പ്പോകുമെന്നോ തീരുമാനിക്കുന്നതു മറ്റുള്ളവരുടെ ജോലിയല്ല. അങ്ങനെയുള്ളവര്‍ പാകിസ്ഥാനെ ഭൂമിയിലെ സ്വര്‍ഗമാക്കുകയാണു വേണ്ടത്. ജാതി, മത, വംശ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യര്‍ക്കും പ്രാധാന്യം നല്‍കുന്ന മതമാണ് ഇസ്‌ലാം. ഒരു മതത്തെ സ്വീകരിക്കണമെന്നു മറ്റൊരാളെ നിര്‍ബന്ധിക്കാനാകില്ല. അതു കുറ്റകൃത്യമാണ്. മാത്രമല്ല, പാകിസ്താനിലെ ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീകരരും രാജ്യം പുരോഗമിക്കണമെന്ന് ആഗ്രഹിക്കുന്നവരും തമ്മിലാണ് പാകിസ്ഥാനില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. മതത്തിന്റെ പേരില്‍ ഇവിടെ ഏറ്റുമുട്ടലില്ല. ഭീകരരോടും മതത്തെ തെറ്റായ രീതിയില്‍ ഉപയോഗിച്ച് ആളുകളെ വഴിതെറ്റിക്കുന്നവരോടും നിഷ്‌കളങ്കരായവരെ കൊല്ലുന്നവരോടുമാണ് ഇവിടെ ഏറ്റുമുട്ടുന്നത്. മതത്തിന്റെ പേരില്‍ പണ്ടു ചിലര്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ പാകിസ്ഥാന്‍ രൂപീകൃതമായത് എല്ലാവര്‍ക്കും സ്വന്തം മതത്തില്‍ വിശ്വസിക്കാന്‍ സ്വാതന്ത്ര്യം നല്‍കിക്കൊണ്ടാണ്.

ഏതെങ്കിലും ഒരു മതത്തിന് എതിരായല്ല പാകിസ്ഥാന്‍ രൂപീകൃതമായിരിക്കുന്നത്. ഒരു മതത്തേയും താണ രീതിയില്‍ കണക്കാക്കുന്നതു തെറ്റാണ്. ഏതു മതത്തില്‍പ്പെട്ടയാളാണെങ്കിലും പുരോഗതിയിലേക്കും മികച്ച ജീവിതത്തിലേക്കും പാകിസ്ഥാനിലെ എല്ലാവര്‍ക്കും തുല്യ അവസരം ഉണ്ടാകാനാണ് താന്‍ ആഗ്രഹിക്കുന്നത്. എല്ലാവര്‍ക്കും സമാധാനവും സുരക്ഷയും ഉണ്ടാകണം. പാകിസ്ഥാന് ഏഷ്യയില്‍ മികച്ച ഭാവിയുണ്ട്. മതമോ വിശ്വാസമോ പരിഗണിക്കാതെ എല്ലാവര്‍ക്കും തുല്യ അവകാശവും തുല്യ അവസരവും നല്‍കുന്നത് ഉറപ്പുവരുത്തിയാലേ ഇതു നേടാനാകുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top