പ്രായത്തട്ടിപ്പ് വേണ്ട ; അണ്ടര്‍ 17 ലോകകപ്പില്‍ കടുത്ത നടപടികളുമായി ഫിഫ

സ്വിറ്റ്‌സര്‍ലണ്ട്: അണ്ടര്‍ 17 ലോകകപ്പില്‍ പ്രായത്തട്ടിപ്പ് നടത്തുന്ന ടീമുകള്‍ക്കെതിരെ ഫിഫ നടപടിക്കൊരുങ്ങുന്നു.

മത്സരങ്ങള്‍ക്കു മുന്‍പ് കളിക്കാരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഫിഫ അധികൃതര്‍ അറിയിച്ചു.

ആഫ്രിക്കന്‍ രാജ്യങ്ങള്‍ പതിനേഴ് വയസിന് മുകളിലുളള കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് കടുത്ത നടപടികള്‍ക്ക് ഫിഫ ഒരുങ്ങുന്നത്.

ടീമിലുള്‍പ്പെടുത്തുന്ന കളിക്കാരുടെ പ്രായം കൃത്യമായിരിക്കണമെന്ന് ഫിഫ ടീമുകള്‍ക്കും കോണ്‍ഫെഡറേഷനുകള്‍ക്കും നിര്‍ദേശം നല്‍കി.

മത്സരങ്ങള്‍ക്കു മുന്‍പ് പ്രായം തെളിയിക്കുന്ന എംആര്‍ഐ പരിശോധനയ്ക്ക് കളിക്കാരെ വിധേയരാക്കും.

ഇന്ത്യയിലേക്ക് പുറപ്പെടും മുന്‍പ് ടീമുകള്‍ ഇത്തരം പരിശോധന നടത്തണമെന്നും ഫിഫ ആവശ്യപ്പെട്ടു.

അഞ്ച് തവണ ചാമ്പ്യന്‍മാരായ നൈജീരിയ പതിനേഴ് വയസ്സില്‍ കൂടുതലുള്ള താരങ്ങളെ യോഗ്യതാ റൗണ്ടില്‍ കളിപ്പിച്ചതാണ് തിരിച്ചടിയായത്. പുതിയ താരങ്ങളുമായി കളിച്ചെങ്കിലും ഇന്ത്യയിലേക്ക് യോഗ്യത നേടാന്‍ നൈജീരിയക്ക് കഴിഞ്ഞില്ല.

മുന്‍പും അണ്ടര്‍ 17 ലോകകപ്പില്‍ പ്രായത്തട്ടിപ്പിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു.

1989-ല്‍ ചാമ്പ്യന്‍മാരായ സൗദി അറേബ്യയുടെ ടീമില്‍ ഒന്നിലധികം കളിക്കാര്‍ പതിനേഴ് വയസില്‍ കൂടുതല്‍ ഉള്ളവരായിരുന്നു.

Top