കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ല; സംയുക്ത കിസാന്‍ മോര്‍ച്ച

ന്യൂഡല്‍ഹി: ചര്‍ച്ചയ്ക്കായി കേന്ദ്രസര്‍ക്കാരില്‍ നിന്നും ഔദ്യോഗിക ക്ഷണം കിട്ടിയിട്ടില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. ഭാവി സമരപരിപാടികള്‍ പ്രഖ്യാപിക്കാന്‍ കര്‍ഷക സംഘടനകള്‍ ശനിയാഴ്ച്ച യോഗം ചേരും.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ കെഎംപി ദേശീയപാത ഉപരോധം തുടരുന്നതിനിടെയാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി പ്രതികരിച്ചത്. കൂടാതെ കൊവിഡ് സാഹചര്യം രൂക്ഷമാകുന്നതിനാല്‍ സമരം മാറ്റി വെയ്ക്കണമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ പ്രസ്താവന അല്ലാതെ ചര്‍ച്ചയ്ക്കായി യാതൊരു അറിയിപ്പും ഇതുവരെ കിട്ടിയില്ലെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രതികരണം.

ജനുവരി 22നാണ് സര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ അവസാനം ചര്‍ച്ച നടന്നത്. രണ്ട് മാസം പിന്നിട്ടിട്ടും ഈക്കാര്യത്തില്‍ പ്രതികരിക്കാതെയിരുന്ന മന്ത്രി സമരം ദിവസം പ്രതികരിച്ചത് സമരക്കാരില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ആണെന്നാണ് കര്‍ഷകസംഘടനകളുടെ ചൂണ്ടിക്കാട്ടുന്നത്.

ശനിയാഴ്ച്ച ചേരുന്ന യോഗത്തില്‍ പാര്‍ലമെന്റ് മാര്‍ച്ചിനുള്ള തീയ്യതി പ്രഖ്യാപിക്കും. തുടര്‍സമരങ്ങളുടെ ഭാഗമായി ജാലിയന്‍വാലാബാഗ് ദിനമായ എപ്രില്‍ 13നും ഭരണഘടന ദിനമായ ഏപ്രില്‍ 14നും സംയുക്ത കിസാന്‍ മോര്‍ച്ച് പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 

Top