എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു

ദുബൈ: എക്‌സ്‌പോ നഗരിയിലെ ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. മേളയിലെ ഏറ്റവും വലിയ പവലിയനുകളില്‍പെട്ട ഇന്ത്യയുടെ പ്രദര്‍ശനം 28 ദിവസത്തിനിടയിലാണ് ഇത്രയുംപേര്‍ സന്ദര്‍ശിച്ചത്. ചൊവ്വാഴ്ച മുതല്‍ ദീപാവലി ആഘോഷങ്ങള്‍ക്ക് കൂടി പവലിയന്‍ വേദിയാകുന്നതോടെ സന്ദര്‍ശകര്‍ വര്‍ധിക്കുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.

ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഒന്നരലക്ഷമെന്ന നാഴികക്കല്ല് മറികടന്നതില്‍ വലിയ ആഹ്ളാദമുണ്ടെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലും ഇന്ത്യന്‍ പവലിയന്‍ ഡെപ്യൂട്ടി കമീഷണര്‍ ജനറലുമായ ഡോ. അമന്‍ പുരി പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ദീപാവലി ആഘോഷത്തിന്റെ അനുഭവം വരുംദിവസങ്ങളില്‍ പവലിയനിലെത്തുന്നവര്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തിയ പവലിയനുകളിലൊന്നാണ് ഇന്ത്യയുടേത്. വാരാന്ത്യ അവധിദിവസങ്ങളില പ്രദര്‍ശനം കാണാന്‍ വന്‍ തിരക്കാണ് പവലിയന് മുന്നില്‍ അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ചില സമയങ്ങളില്‍ നീണ്ട ക്യൂ ദൃശ്യമായിരുന്നു. സാങ്കേതികരംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ വിവരിക്കുന്ന പവലിയനിലെ പ്രദര്‍ശനങ്ങള്‍ വിവിധ ലോക രാജ്യങ്ങളിലുള്ളവരെ ആകര്‍ഷിക്കുന്നുണ്ട്.

Top