14 ദിവസത്തിനിടെ 45 ജില്ലകളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല

ന്യൂഡല്‍ഹി: 14 ദിവസത്തിനിടെ രാജ്യത്തെ 23 സംസ്ഥാനങ്ങളിലെ 45 ജില്ലകളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വക്താവ് ലവ് അഗര്‍വാള്‍. പുതുച്ചേരിയിലെ മാഹി, കര്‍ണാടകയിലെ കൊടക് എന്നിവിടങ്ങളില്‍ കഴിഞ്ഞ 28 ദിവസത്തിനിടെ ഒരു കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച രാജ്യത്ത് 991 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ്-19 ബാധിതരുടെ എണ്ണം 14,378 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 43 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ ആകെ മരണസംഖ്യ 480 ആയി.

ഇതിനോടകം രാജ്യത്ത് 1,992 പേര്‍ രോഗമുക്തി നേടിയിട്ടുണ്ടെന്നും ആകെ രോഗമുക്തി നേടിയവര്‍ ഏകദേശം 13.85 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരില്‍ 4,291 പേര്‍ക്ക് നിസാമുദ്ദീന്‍ മര്‍ക്കസുമായി ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉള്‍പ്പെടെ 23 ഇടത്ത് നിസാമുദ്ദിനില്‍നിന്നു വന്നവരില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ 84% കേസുകളും ഡല്‍ഹിയിലെ 63% കേസുകളും തെലങ്കാനയിലെ 79% കേസുകളും ഉത്തര്‍ പ്രദേശിലെ 59% കേസുകളും ആന്ധ്രാപ്രദേശിലെ 61% കേസുകളും നിസാമുദ്ദീന്‍ സമ്മേളനവുമായി ബന്ധപ്പെട്ടതാണെന്നും ലവ് അഗര്‍വാള്‍ വ്യക്തമാക്കി.

Top