നോറോ വൈറസ്, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് നോറോ വൈറസ് സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് ഇതുസംബന്ധിച്ച് അവലോകനം നടത്തി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. വിഴിഞ്ഞം പ്രദേശത്ത് നിന്ന് സാമ്പിൾ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തു.

രണ്ട് കുട്ടികൾക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും ശ്രദ്ധിക്കണം. കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം വേഗത്തിൽ ഭേദമാകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ജില്ലയിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണം. സൂപ്പർ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. കുടിവെള്ള സ്രോതസുകൾ ശുചിയാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം വേഗത്തിൽ ഭേദമാകുന്നതാണ്. അതിനാൽ രോഗത്തെപ്പറ്റിയും അതിന്റെ പ്രതിരോധ മാർഗങ്ങളെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

Top