കോവിഡ് 19; ഡല്‍ഹിയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെങ്കിലും ഡല്‍ഹിയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

”ഡല്‍ഹിയിലെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടിരിക്കുന്നു, എന്നാല്‍ 72,000 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. അതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ല.”- വിര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ കെജ്രിവാള്‍ പറഞ്ഞു.

”25,000 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 15,000 പേരെ വീടുകളില്‍ തന്നെയാണ് ചികിത്സിക്കുന്നത്. മരണനിരക്ക് ഗണ്യമായി കുറഞ്ഞു. രാജ്യത്തെ ആദ്യത്തെ പ്ലാസ്മ ബാങ്ക് ഡല്‍ഹിയില്‍ ആരംഭിക്കാന്‍ നമുക്ക് സാധിച്ചു. പ്ലാസ്മ തെറാപ്പിയിലൂടെ രോഗികളുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടാക്കാന്‍ സാധിക്കുമെന്ന് ഇവിടെ നടന്ന പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.”- കെജ്രിവാള്‍ വിശദീകരിച്ചു.

പ്ലാസ്മ ദാനം ചെയ്യാന്‍ തയ്യാറാവുന്നവരേക്കാള്‍ കൂടുതലാണ് പ്ലാസ്മ ആവശ്യമുള്ളവര്‍. അതിനാല്‍ രോഗമുക്തി നേടിയവര്‍ പ്ലാസ്മ ദാനം ചെയ്യാന്‍ തയ്യാറാവണം, പ്ലാസ്മ ദാനം ചെയ്യുന്നത് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ശരീരത്തിലുണ്ടാക്കില്ല. ഇത് സമൂഹത്തിനുള്ള സേവനമാണെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഡല്‍ഹിയില്‍ ആശുപത്രി ചികിത്സ ആവശ്യമുള്ള രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്. വീടുകളിലെ ചികിത്സയിലൂടെ തന്നെ ആളുകള്‍ രോഗമുക്തി നേടുന്നു. കഴിഞ്ഞയാഴ്ചത്തെ കണക്കുകള്‍ പ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം 62,000ല്‍ നിന്നും 5,300 ആയി. ഞായറാഴ്ചത്തെ കണക്കുകള്‍ പ്രകാരം 99,000 കിടക്കകള്‍ ആശുപത്രികളില്‍ ഒഴിവായിക്കിടക്കുകയാണ്. കോവിഡ് പ്രതിരോധത്തില്‍ ഡല്‍ഹി മുന്നിരയിലാണെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

Top