No need to glorify killer like Godse :RSS ideologue MG Vaidya

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയ്ക്ക് വീരപരിവേഷം നല്‍കി, അദ്ദേഹത്തെ തൂക്കിലേറ്റിയ ദിവസം ശൗര്യദിവസ് ആയി ആചരിച്ച തീവ്രഹിന്ദുത്വ സംഘടനകള്‍ക്കെതിരെ മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് എം.ജി. വൈദ്യ.

‘ഗോഡ്‌സെയെ ആദരിക്കാനും വിശുദ്ധനാക്കാനുമുള്ള നീക്കത്തോട് എനിക്ക് യോജിപ്പില്ല. അയാളൊരു കൊലപാതകിയാണ്. ആശയങ്ങളെ ആശയങ്ങള്‍കൊണ്ടാണ് നേരിടേണ്ടത്. ഗോഡ്‌സെ ചെയ്തപോലെ കൊന്നിട്ടല്ല’ വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ.ക്ക് നല്‍കിയ അഭിമുഖത്തില്‍ ആര്‍.എസ്.എസ്സിന്റെ ഏറ്റവും പ്രമുഖനായ സൈദ്ധാന്തികന്‍ വൈദ്യ വ്യക്തമാക്കി.

‘ചിലര്‍ വിചാരിക്കുന്നത് ഗാന്ധിവധത്തിലൂടെ ഹിന്ദുത്വത്തെ ഉത്തേജിപ്പിച്ചെന്നാണ്, തെറ്റാണത്. ഹിന്ദുത്വത്തെ അപമാനിക്കുകയാണ് അവര്‍ ചെയ്തത്. രാജ്യമൊന്നാകെ ബഹുമാനിച്ചിരുന്ന ഗാന്ധിജിയെ വധിച്ചത് ഹീനമായ നടപടിയാണ്’ അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹിന്ദുമഹാസഭ, ഹിന്ദുസേന, മഹാറാണാപ്രതാപ് ബറ്റാലിയന്‍ തുടങ്ങിയ സംഘടനകളാണ് ഞായറാഴ്ച ഗോഡ്‌സെ അനുസ്മരണച്ചടങ്ങ് നടത്തിയത്. മുംബൈയിലെ പനവേലിലായിരുന്നു പരിപാടി. യുക്തിവാദി ഗോവിന്ദ് പന്‍സാരെ വധത്തിലൂടെ കുപ്രസിദ്ധമായ സനാതന്‍ സന്‍സ്ഥയും പരിപാടിയുമായി സഹകരിച്ചിരുന്നു.

ഗോഡ്‌സെയ്ക്ക് രാജ്യമെമ്പാടും ക്ഷേത്രങ്ങള്‍ പണിയുമെന്ന് പ്രഖ്യാപിച്ച ഹിന്ദുമഹാസഭ ഞായറാഴ്ച ഗോഡ്‌സെയുടെ പേരില്‍ വെബ്‌സൈറ്റും തുറന്നു. ‘ഗോഡ്‌സെ, മറവിയിലാണ്ട യഥാര്‍ഥ പോരാളി’ എന്ന പേരിലായിരുന്നു സൈറ്റ്.

Top