no need of krishnada’s colleges we are going with mahija

തിരുവനന്തപുരം: ഇടിമുറികളുള്ള സ്വാശ്രയ കോളേജുകള്‍ തകര്‍ത്ത് തരിപ്പണമാക്കാനുള്ള നെഞ്ചൂക്കും ചങ്കുറപ്പും ഡിവൈഎഫ്‌ഐക്കുണ്ടെന്ന് എ എന്‍ ഷംസീര്‍ എംഎല്‍എ.

‘നിഷ്പക്ഷരായ’ മാധ്യമ പ്രവര്‍ത്തകര്‍ അപ്പോള്‍ അനുകൂലിച്ചില്ലങ്കിലും എതിര്‍ക്കാതിരുന്നാല്‍ മതി.

അതോടെ ഒരു കൃഷ്ണദാസന്മാരും കേരളത്തിലുണ്ടാകില്ല. സ്വാശ്രയ മേഖലയിലെ പ്രശ്‌നങ്ങളും അവസാനിക്കും. ഒരു അഹങ്കാരവും ഗുണ്ടായിസവും വച്ചുപൊറുപ്പിക്കില്ലന്നും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് മുന്നറിയിപ്പു നല്‍കി.

ജിഷ്ണുവിന്റെ അമ്മയുടെ വികാരങ്ങള്‍ക്കൊപ്പമാണ് ഡിവൈഎഫ്ഐയെന്നും, കൃഷ്ണദാസിന്റെ ഇടിമുറികളുള്ള കോളജുകള്‍ സംസ്ഥാനത്ത് വേണമോ എന്നും സര്‍ക്കാര്‍ പരിശോധിക്കണമെന്നും ഷംസീര്‍ ആവശ്യപ്പെട്ടു.

എസ്എഫ്ഐ നടത്തിയ പ്രതിഷേധമാണ് നെഹ്റു കോളജിലെ ഈ കിരാത സംഭവം കേരളീയ സമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടപ്പെട്ടത്.മകനെ നഷ്ടപെട്ട അമ്മയുടെ കണ്ണീരും വേദനയും അതിന്റെ എല്ലാ അര്‍ത്ഥത്തിലും ഉള്‍കൊള്ളുന്നു ഇതിനു പരിഹാരം ഉണ്ടാക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നീതിപീഠം ജാമ്യം കൊടുത്ത കേസില്‍ ഒരു സര്‍ക്കാറിന് ഇനി ചെയ്യാനുള്ളത് ഇത്തരം ക്രിമിനലുകളുടെ സ്ഥാപനം ഇനി നടത്താന്‍ അനുവദിക്കണമോ എന്ന കാര്യം തീരുമാനിക്കലാണ് അത് സര്‍ക്കാര്‍ പരിശോധിക്കണം. നിലവിലുള്ള വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കാത്ത രൂപത്തില്‍ ഇക്കാര്യത്തില്‍ ഇടപെടല്‍ ആവശ്യമാണ്.

ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടാന്‍ സാധ്യമായതെല്ലാം പൊലീസ് ചെയ്യുന്നുണ്ടെങ്കിലും പിടികൂടാന്‍ കഴിയാത്തത് എന്ത് കൊണ്ടാണെന്ന് ഗൗരവമായി പരിശോധിക്കണം.

വേട്ടക്കാര്‍ക്കൊപ്പവും ഇരകള്‍ക്കൊപ്പവും ഒരേ സമയം നിന്ന ചരിത്രമുള്ള യു ഡി എഫും ബി ജെ പിയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചാല്‍ അത് വിലപ്പോവില്ല.

സ്വാശ്രയ കോളജുകള്‍ തന്നെ യുഡിഎഫിന്റെ ഉല്‍പ്പന്നമാണ്. അതിനെതിരായ സമരത്തിലൂടെ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിയാണ് താനുള്‍പ്പെടെയുള്ളവര്‍ പൊതുരംഗത്തേക്ക് വന്നിട്ടുള്ളത്.

ജിഷ്ണുവിന്റെ മരണം മുന്‍കാലങ്ങള്‍ തൊട്ട് എസ് എഫ് ഐ യും ഡിവൈഎഫ്ഐയും ഉയര്‍ത്തിയ മുദ്രാവാക്യങ്ങളുടെ ഗൗരവത്തെ സൂചിപ്പിക്കുന്നതാണ്.

സ്വാശ്രയ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ ചോര വീഴുന്ന സാഹചര്യം ഇനി കേരളത്തിലുണ്ടാവാന്‍ പാടില്ല. അതിന് പുരോഗമന വിദ്യാര്‍ത്ഥിയുവജനപ്രസ്ഥാനങ്ങള്‍ അനുവദിക്കില്ല.

ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു എന്ന് കരുതി കൃഷ്ണദാസ് അഹങ്കരിക്കേണ്ട. കൂട്ടാളികളെയും പിടികൂടുക തന്നെ ചെയ്യും. ഷംസീര്‍ വ്യക്തമാക്കി.

Top