ലൈംഗിക വിദ്യാഭ്യാസം: കുട്ടികളില്‍ പ്രതികൂല ഫലങ്ങളുണ്ടാക്കുമെന്ന് സംഘപരിവാര്‍ സംഘടന

ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കുന്നതിന് പകരം വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ആവശ്യമായ ബോധവത്കരണമാണ് നല്‍കേണ്ടതെന്ന് സംഘപരിവാര്‍ സംഘടനയായ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ്. സെക്കന്‍ഡറി സ്‌കൂള്‍ തലം മുതല്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടിനെതിരെയാണ് ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് രംഗത്ത് വന്നത്.

വിദ്യാര്‍ഥികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം എന്ന നയം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍ കുട്ടികളില്‍ പ്രതികൂലഫലങ്ങളാണ് ഉണ്ടാക്കുകയെന്നാണ് ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് പറയുന്നത്.

മാതാപിതാക്കള്‍ക്കും കൗണ്‍സിലിങ് നല്‍കണമെന്നതാണ് പ്രധാനം. വിദ്യാര്‍ത്ഥികള്‍ മനുഷ്യ ശരീരത്തേക്കുറിച്ചും അവയവങ്ങളെക്കുറിച്ചും പഠിക്കേണ്ടതുണ്ട്. നിലവില്‍ അവ ശാസ്ത്രപഠനത്തിന്റെ ഭാഗമായി പഠിപ്പിക്കുന്നുണ്ടെന്നും സംഘനടയുടെ സെക്രട്ടറിയായ അതുല്‍ കോത്താരി പറഞ്ഞു. നിര്‍ദ്ദേശം നടപ്പിലാക്കുകയാണെങ്കില്‍ പ്രതികൂല ഫലങ്ങളാകുമുണ്ടാകുക അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസ് ബന്ധമുള്ള ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് എന്ന സംഘടന രൂപീകരിച്ചത് വിദ്യാഭ്യാസ വിദഗ്ധനായ ദിനനാഥ് ബത്രയാണ്. പാഠ്യ പദ്ധതികളും തദ്ദേശവത്കരണം കൊണ്ടുവരിക എന്നതാണ് ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് എന്ന സംഘടനയുടെ ലക്ഷ്യം.

ഈ വര്‍ഷം മെയ് മാസത്തിലാണ് ആര്‍.കെ. കസ്തൂരി രംഗന്‍ അധ്യക്ഷനായ സമിതി പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്. സെക്കന്‍ഡറി സ്‌കൂള്‍ തലം മുതല്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നാണ് സമിതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Top