ഹിമാചല്‍ പ്രദേശിലേക്ക് യാത്ര ചെയ്യാന്‍ ഇനി ആര്‍ടിപിസിആര്‍ പരിശോധന വേണ്ട

ഹിമാചല്‍ പ്രദേശിലേക്ക് യാത്ര ചെയ്യാന്‍ ഇനി ആര്‍ടി-പിസിആര്‍ പരിശോധന ആവശ്യമില്ല. സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് ആര്‍ടിപിസിആര്‍ പരിശോധന ആവശ്യമില്ലെന്ന് ഹിമാചല്‍ പ്രദേശ് മന്ത്രിസഭ തീരുമാനിച്ചു. കൊറോണ കര്‍ഫ്യൂ വൈകുന്നേരം 5 മുതല്‍ പുലര്‍ച്ചെ 5 വരെ തുടരും.

കടകള്‍ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചു വരെ തുറക്കാം. എന്നാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കടകള്‍ അടച്ചിടും. കൂടാതെ 50 ശതമാനം യാത്രക്കാരുമായി അന്തര്‍സംസ്ഥാന പൊതുഗതാഗതവും അനുവദിക്കും. ഇത് നാട്ടുകാരുടെയും സഞ്ചാരികളുടെയും യാത്ര സുഗമമാക്കുമെന്നാണ് പ്രതീക്ഷ.

സംസ്ഥാനത്ത് സുരക്ഷിതമായ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിനോദ സഞ്ചാരികള്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹോട്ടലുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ടൂറിസം വകുപ്പും ആഭ്യന്തര മന്ത്രാലയവും പുറപ്പെടുവിച്ച ശുചിത്വ മാര്‍ഗനിര്‍ദേശങ്ങള്‍ ഹോട്ടലുകള്‍ കര്‍ശനമായി പാലിക്കണം.

ഹോട്ടല്‍ പരിസരത്തുള്ള ജിമ്മുകളും ഓഡിറ്റോറിയങ്ങളും നീന്തല്‍ക്കുളങ്ങളും തുറക്കാനുള്ള അനുമതി നല്‍കിയിട്ടില്ല. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സഞ്ചാരികള്‍ക്ക് ഇനി അവരുടെ പ്രിയപ്പെട്ട സ്ഥലങ്ങളായ ഷിംല, മണാലി, സ്പിതി വാലി പോലുള്ള സ്ഥലങ്ങളിലേക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ യാത്ര ചെയ്യാനാകും. അതേസമയം, മണാലി വഴി ലഡാക്കിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം നിര്‍ബന്ധമാണ്. 96 മണിക്കൂറിനുള്ളില്‍ എടുത്ത ഫലമാണ് വേണ്ടത്.

 

Top