ഇംഗ്ലീഷ് വിദ്യാഭ്യാസം അവസാനിപ്പിച്ച് വേദങ്ങളിലേക്ക് മടങ്ങണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

ദില്ലി: ബിജെപി സര്‍ക്കാര്‍ വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുകയാണെന്ന ആരോപണത്തില്‍ പ്രതികരിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കാവിക്ക് എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. കൊളോണിയല്‍ കാലത്ത് ആരംഭിച്ച ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസ രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഇന്ത്യന്‍വല്‍ക്കരണം പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യമാണെന്ന് നായിഡു പറഞ്ഞു. ‘നമ്മുടെ വേരുകളിലേക്ക് മടങ്ങാന്‍, നമ്മുടെ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും മഹത്വം അറിയാന്‍, നമ്മുടെ വേദങ്ങളിലെയും ഗ്രന്ഥങ്ങളിലെയും മഹത്തായ നിധി അറിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു… ഞങ്ങള്‍ കാവിവല്‍ക്കരിക്കുകയാണെന്ന് അവര്‍ പറയുന്നു… കാവിക്ക് എന്താണ് കുഴപ്പം എനിക്കത് മനസ്സിലാകുന്നില്ല.’ – നായിഡു പറഞ്ഞു.

ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ദേവ സംസ്‌കൃതി വിശ്വ വിദ്യാലയത്തില്‍ സൗത്ത് ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആന്‍ഡ് റീകണ്‍സിലിയേഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ”നീണ്ട കാലത്തെ കൊളോണിയല്‍ ഭരണം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വലിയ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം നഷ്ടപ്പെടുത്തി, ഒരു ചെറിയ വരേണ്യവര്‍ഗത്തിന് മാത്രമേ ഔപചാരിക വിദ്യാഭ്യാസം ലഭിക്കുകയുള്ളൂ. എല്ലാവര്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കേണ്ടത് ആവശ്യമാണ്, എങ്കില്‍ മാത്രമേ നമ്മുടെ വിദ്യാഭ്യാസം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ജനാധിപത്യപരവുമാക്കാന്‍ കഴിയൂ,’വെങ്കയ്യ നായിഡു വ്യക്തമാക്കി.

മാതൃഭാഷ പ്രോത്സാഹിപ്പിക്കണമെന്നും വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. ‘ഇന്ത്യക്കാര്‍ തങ്ങളുടെ നാട്ടുകാരോട് മാതൃഭാഷയില്‍ സംസാരിക്കുകയും ഭരണം മാതൃഭാഷയില്‍ നടത്തുകയും എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും മാതൃഭാഷയില്‍ പുറപ്പെടുവിക്കുകയും ചെയ്യുന്ന ഒരു ദിവസം എന്റെ ജീവിതകാലത്ത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെത്തുന്ന പ്രമുഖ വിദേശികള്‍ അവരുടെ ഭാഷയില്‍ അഭിമാനിക്കുന്നതിനാലാണ് ഇംഗ്ലീഷിനു പകരം മാതൃഭാഷയില്‍ സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തി എന്ന നിലയില്‍ ‘കാവിക്ക് എന്താണ് കുഴപ്പം’ എന്ന തരത്തിലുള്ള പ്രസ്താവന ഉപരാഷ്ട്രപതി നടത്തരുതായിരുന്നുവെന്ന് ഉത്തരാഖണ്ഡ് സംസ്ഥാന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സൂര്യകാന്ത് ധസ്മന പറഞ്ഞു. ഉപരാഷ്ട്രപതി എന്ന നിലയില്‍ അദ്ദേഹം ബിജെപി നേതാവിനെപ്പോലെ സംസാരിക്കരുത്. രാജ്യത്തിന്റെ ഉപരാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഇത്തരം പ്രസ്താവനകള്‍ പ്രതീക്ഷിക്കുന്നില്ലെന്നും ധസ്മന കൂട്ടിച്ചേര്‍ത്തു.

Top