തീപ്പൊരി പ്രസംഗങ്ങളും പ്രചരണറാലികളുമില്ലാതെ കശ്മീര്‍ തെരഞ്ഞെടുപ്പ്

ശ്രീനഗര്‍: ഒക്ടോബര്‍ എട്ടിനാണ് ജമ്മുകശ്മീരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണങ്ങളോ ക്യാമ്പയിനുകളോ ഒച്ചയോ ബഹളമോ ഇല്ലാതെ നിശബ്ദമാണ് താഴ് വാരം. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ആളുകളുടെ പേരു വിവരങ്ങളോ വിശദാംശങ്ങളോ ഒന്നും തന്നെ പുറത്തു വിട്ടിട്ടില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.

സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഫോട്ടോകള്‍ പ്രചരിപ്പിക്കാതെ, ആളുകള്‍ ആരാണെന്ന കാര്യത്തില്‍ പരസ്യം നല്‍കാതെ തെരഞ്ഞെടുപ്പ് നടത്താന്‍ പോകുന്നത്. സ്ഥാനാര്‍ത്ഥികള്‍ ആരെല്ലാമാണെന്ന് വെളിപ്പെടുത്തുന്നത് അവരുടെ ജീവന്‍ തന്നെ അപകടത്തിലാകാന്‍ കാരണമാകാന്‍ സാധ്യതയുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍.

598 വാര്‍ഡുകളിലേയ്ക്കും കശ്മീര്‍ താഴ്വരയിലെ 40 മുന്‍സിപ്പാലിറ്റി സീറ്റുകളിലേക്കും 851 പേരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാനത്താകെ 1145 മുന്‍സിപ്പാലിറ്റി ബോഡിലേയ്ക്ക് ആകെ 3005 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.

പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയും തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കിരിച്ചിരുന്നു. അതിനാല്‍, സംസ്ഥാനത്തെ 60 ശതമാനം സീറ്റുകളിലും മത്സരം ഉണ്ടാകില്ല. ബിജെപി ഏകപക്ഷീയമായി ഈ സീറ്റുകളില്‍ മത്സരിക്കും.

598 വാര്‍ഡുകളില്‍ 172 എണ്ണത്തില്‍ ഒരാള്‍ മാത്രമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. 190 എണ്ണത്തില്‍ ആരും മത്സരിക്കാന്‍ മുന്നോട്ടു വന്നിട്ടില്ല. 40 മുന്‍സിപ്പാലിറ്റി ബോഡികളില്‍ 21 എണ്ണത്തിലും ആരുമില്ല. ശ്രീനഗറില്‍ 310 പേരാണ് മത്സരിക്കാന്‍ മുന്നോട്ട് വന്നിരിക്കുന്നത്.

പത്രിക സ്വീകരിക്കേണ്ട അവസാന സമയം കഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥികളുടെ പേരു വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ പ്രദര്‍ശിപ്പിക്കണം എന്നാണ് ചട്ടം. എന്നാല്‍, കശ്മീരിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇതില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

ഇപ്പോഴും നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് തെരഞ്ഞെടുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഇവ വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന് ആരുടെ എങ്കിലും ജീവന്‍ അപകടത്തിലായാല്‍ പത്രിക സമര്‍പ്പിക്കാന്‍ ആരും മുന്നോട്ട് വരാതെയാകും. ഇതൊഴിവാക്കാനാണ് വിവരങ്ങള്‍ സര്‍ക്കാര്‍ രഹസ്യമാക്കി വച്ചിരിക്കുന്നത്.

ആക്ടിവിസ്റ്റ് തൗസീഫ് റെയ്‌നയെപ്പോലെ ചുരുക്കം ചില ആളുകള്‍ മാത്രമാണ് പരസ്യമായി പത്രിക സമര്‍പ്പിക്കാന്‍ മുന്നോട്ട് വന്നിട്ടുള്ളത്.

‘ധൈര്യപൂര്‍വ്വം മുന്നോട്ട് പോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒട്ടും താല്പര്യമില്ലായിരുന്നു. എന്നാല്‍ പലരും നിര്‍ബന്ധിച്ചു. വിദ്യാഭ്യാസമുള്ള ആളുകള്‍ ഭരണ രംഗത്ത്‌ വരേണ്ടത് ഇന്ന് കശ്മീരിന്റെ ആവശ്യമാണ്..’ റെയ്‌ന പറഞ്ഞു. തീവ്രവാദ ആക്രമണങ്ങള്‍ നിരന്തരം നേരിടുന്ന ബാരാമുള്ളയില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്.

Top