പാല്‍ഘറിലെ സന്യാസിമാരുടെ കൊലപാതകത്തില്‍ അറസ്റ്റ് ചെയ്തവരില്‍ ഒരാള്‍പോലും മുസ്ലീമല്ല

മുംബൈ: പാല്‍ഘറിലെ സന്യാസിമാരുടെ കൊലപാതകത്തില്‍ അറസ്റ്റ് ചെയ്ത പ്രതികളില്‍ ഒരാള്‍ പോലും മുസ്ലീമല്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേഷ്മുഖ്. സംസ്ഥാനത്തെ ബിജെപി നയിക്കുന്ന പ്രതിപക്ഷം വര്‍ഗ്ഗീയത പരത്താന്‍ ശ്രമിക്കുന്നുണ്ടെന്നും അറസ്റ്റിലായവര്‍ മുസ്ലിംകള്‍ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തില്‍ ഇതുവരെ 101 പേരെ അറസ്റ്റ് ചെയ്തു. ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല, കൂട്ടായി കൊറോണ വൈറസ് ബാധയെ തടയാനുള്ള സമയാണെന്നും മന്ത്രി വ്യക്തമാക്കി. മുബൈയില്‍ നിന്ന് 125 കിലോമീറ്റര്‍ അകലെ പാല്‍ഘറിലാണ് ആള്‍ക്കൂട്ടം മൂന്ന് സന്യാസിമാരെ ആക്രമിച്ച് കൊന്നത്. സംഭവത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കുന്നതിനെതിരെ മുഖ്യന്ത്രി ഉദ്ദവ് താക്കറെയും രംഗത്തെത്തിയിരുന്നു.

സന്ന്യാസിമാരെ മോഷ്ടാക്കളെന്ന് തെറ്റിദ്ധരിച്ചാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസമായി മോഷണം പതിവായിരുന്നു. ജൂന അഖാഡ എന്ന പ്രത്യേക വിഭാഗത്തില്‍ പെടുന്നവരാണ് ഈ സന്യാസിമാര്‍. ദാദ്ര നഗര്‍ ഹവേലി അതിര്‍ത്തിയില്‍ പൊലീസ് സന്ന്യാസിമാരെ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു. തിരികെ മറ്റൊരു വഴിയിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് ഗഡ്ഛിന്‍ചലെ ഗ്രാമത്തില്‍ നിന്ന് ആക്രമണമേറ്റത്. വടികളും കല്ലും ഉപയോഗിച്ചാണ് മര്‍ദ്ദിച്ചത്. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസിനും ആക്രമണമേറ്റു. ആക്രമണ ദൃശ്യങ്ങള്‍ ചിലര്‍ പ്രചരിപ്പിച്ചിരുന്നു.

Top