കാത്തിരിപ്പിന് വിരാമം; സാംസങ് ഗാലക്സി എസ് 23 എഫ്ഇ ഒക്ടോബറില്‍ എത്തിയേക്കും

സാംസങ് ഗാലക്സി എസ്23 എഫ്ഇയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മുമ്പ് പലതവണ പുറത്തുവന്നിട്ടുണ്ടെങ്കിലും ഫോണ്‍ എന്ന് പുറത്തിറങ്ങുമെന്ന ഔദ്യോഗിക അറിയിപ്പ് കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം ആമസോണ്‍ ഇന്ത്യ വെബ്സൈറ്റില്‍ വന്ന ഒരു ലാന്‍ഡിങ് പേജില്‍ ഫോണ്‍ എന്ന് പുറത്തിറങ്ങുമെന്ന സൂചന നല്‍കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഫോണിനൊപ്പം ഗാലക്സി ബഡ്സ്, ടാബ് ലെറ്റ് എന്നിവയും പുറത്തിറക്കിയേക്കും.

റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഒക്ടോബറിലാകും ഫോണ്‍ പുറത്തിറങ്ങുന്നതെന്നാണ് വിവരം. ആമസോണ്‍ വെബ്സൈറ്റിലെ ടീസര്‍ പേജില്‍ ‘ ദി ന്യൂ എപിക് കമിങ് സൂണ്‍’ എന്ന കുറിപ്പിനൊപ്പം ഒരു ഫോണിന്റെ പിന്‍ഭാഗത്തിന്റെ ചിത്രവും നല്‍കിയിട്ടുണ്ട്. ഇത് സാംസങ് ഗാലക്സി എസ് 23 സ്മാര്‍ട്ഫോണിന് സമാനമാണ്. അടുത്തിടെ പുറത്തുവന്ന സാംസങ് ഗാലക്സി എസ്23 എഫ്ഇയുടെ മാര്‍ക്കറ്റിങ് ഇമേജുകള്‍ക്കും സമാനമാണ് ഈ ചിത്രം.

ലാന്‍ഡിങ് പേജിന്റെ ഇടത് ഭാഗത്തുള്ള ബാറില്‍ ‘സാംസങ് ഗാലക്‌സി ഒക്ട്‌ടോ ലോഞ്ച്’ എന്നെഴുതിയിട്ടുണ്ട്. ഇതാണ് അടുത്തമാസം ഫോണ്‍ പുറത്തിറങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയാക്കിയത്. സാംസങ് ഗാലക്സി എസ്23യെ പോലുള്ള ഡിസൈന്‍ തന്നെയായിരിക്കും ഗാലക്സി എസ് 23 എഫ്ഇയ്ക്കും. 6.3 ഇഞ്ച് അമോലെഡ് സ്‌ക്രീന്‍, 8 ജിബി റാം, 256 ജിബി സ്റ്റോറേജ്. എന്നിവയുണ്ടാകുമെന്നാണ് സൂചന. 50 എംപി പ്രൈമറി ക്യാമറ, 8എംപി അള്‍ട്ര വൈഡ്, 12 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവയും ഫോണില്‍ പ്രതീക്ഷിക്കുന്നു.

Top