കോടതിയുടെ കൈപുസ്തകത്തില്‍ ഇനി ‘ലൈംഗിക തൊഴിലാളി’ ഇല്ല; പദത്തില്‍ ഭേദഗതി വരുത്തി സുപ്രിംകോടതി

ന്യൂ ഡല്‍ഹി: കോടതികള്‍ക്കായി ഇറക്കിയ ശൈലി പുസ്തകത്തിലെ ലൈംഗിക തൊഴിലാളി എന്ന പദത്തില്‍ ഭേദഗതി വരുത്തി സുപ്രിംകോടതി. മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളുടെ കൂടി നിര്‍ദേശപ്രകാരമാണ് ഭേദഗതി. ലൈംഗിക തൊഴിലാളി എന്നതിന് പകരമായി മനുഷ്യക്കടത്തിന്റെ അതിജീവിത, വാണിജ്യ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സ്ത്രീ, വാണിജ്യ ലൈംഗിക ചൂഷണത്തിന് നിര്‍ബന്ധിതയായ സ്ത്രീ എന്നീ പദങ്ങള്‍ ഉപയോഗിക്കണം.

ലിംഗവിവേചനമുളള സ്റ്റീരിയോ റ്റൈപ്ഡ് (വാര്‍പ്പ് മാതൃക) ഭാഷാപ്രയോഗങ്ങള്‍ കോടതികളില്‍നിന്ന് ഒഴിവാക്കുന്നതിനായി സുപ്രീം കോടതി ഓഗസ്റ്റില്‍ കൈപ്പുസ്തകം പുറത്തിറക്കിയിരുന്നു. ഈ പുസ്തകത്തില്‍ വേശ്യ എന്ന് ഉപയോഗിക്കുന്നതിന് പകരം ലൈംഗിക തൊഴിലാളി എന്നുപയോഗിക്കണം എന്നായിരുന്നു നിഷ്‌കര്‍ഷിച്ചിരുന്നത്. എന്നാല്‍ ലൈംഗീക തൊഴിലാളി എന്ന പദം തെറ്റിദ്ധാരണ ഉളവാക്കുന്നതാണെന്ന് ആരോപിച്ച് എന്‍ജിഒകള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് കത്ത് നല്‍കിയിരുന്നു.

ലൈംഗിക തൊഴിലാളി എന്ന പദം ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതരായവര്‍ നേരിടുന്ന ചൂഷണത്തെ കാണാത്തതാണെന്നും ഈ തൊഴില്‍ അവര്‍ സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുത്തതാണെന്നുമുള്ള ധ്വനി ഉണ്ടാക്കുന്നുവെന്നായിരുന്നു എന്‍ജിഒകള്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ചതിയില്‍പ്പെടുത്തിയും മനുഷ്യക്കടത്തായും ബലപ്രയോഗത്തിലൂടെയുമൊക്കെയാണ് പല സ്ത്രീകളും ഇത്തരം ലൈംഗിക ചൂഷണങ്ങളിലേക്ക് എത്തിക്കപ്പെടുന്നതെന്നും എന്‍ജിഒകള്‍ കത്തിലൂടെ ചൂണ്ടിക്കാട്ടി.

ലിംഗപദവിയെക്കുറിച്ചുള്ള വാര്‍പ്പുമാതൃകകളെ പിന്‍പറ്റുന്ന ഭാഷാപ്രയോഗങ്ങള്‍ കോടതിയില്‍ നിന്നും ഒഴിവാക്കുന്നതിനായി ഓഗസ്റ്റ് മാസത്തില്‍ സുപ്രിംകോടതി പുറത്തിറക്കിയ ശൈലീ പുസ്തകത്തില്‍ വേശ്യ എന്ന പദത്തിന് പകരം ലൈംഗിക തൊഴിലാളി എന്ന് ഉപയോഗിക്കണമെന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്. എന്നാല്‍ ഈ പ്രയോഗം ചൂഷണം ഉള്‍പ്പെട്ട ലൈംഗിക തൊഴിലിനെ ഒരു വ്യക്തിയുടെ തെരഞ്ഞെടുപ്പെന്ന തരത്തില്‍ പോസിറ്റീവായി കാണിക്കുന്ന തരത്തിലാണെന്ന് എന്‍ജിഒകള്‍ ചൂണ്ടിക്കാട്ടി. പല സ്ത്രീകളുടെ കാര്യത്തിലും ഇത് പോസിറ്റീവായ തെരഞ്ഞെടുപ്പ് ആയിരുന്നില്ലെന്നും മറ്റ് ഓപ്ഷനുകളില്ലാത്ത അവസ്ഥയാണ് പലരുടേയും മുന്നിലുള്ളതെന്നും കത്തിലൂടെ എന്‍ജിഒകള്‍ പറഞ്ഞു. പുതുക്കിയ കൈപ്പുസ്തകം താമസിയാതെ പുറത്തിറങ്ങും.

Top