സൈബർ ആക്രമണത്തിന് ‘പക്ഷമില്ല’ ഒരു പോലെ എതിർക്കാൻ കഴിയണം

സൈബര്‍ ലോകത്ത് സ്ത്രീകള്‍ക്ക് എതിരെ മാത്രമല്ല, പുരുഷന്‍മാര്‍ക്കെതിരെയും കുട്ടികള്‍ക്കെതിരെയും വ്യാപകമായി അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത് സിനിമയിലെ വനിതാ കൂട്ടായ്മയും മനസ്സിലാക്കണം. ‘സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ” എന്ന് വേര്‍തിരിച്ച് കാമ്പയിന്‍ നടത്തുന്നതിലൂടെ അതിക്രമങ്ങളെ കൂടിയാണ് നിങ്ങള്‍ വേര്‍തിരിച്ചിരിക്കുന്നത്. അപമാനിക്കപ്പെടുന്നവര്‍ അത് ആണായാലും പെണ്ണായാലും അവരുടെ വേദനകളും ഒന്ന് തന്നെയാണ്. ഇതിന് പരിഹാരം ഉണ്ടാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നത്. പൊലീസ് നിയമ ഭേദഗതി അതിന്റെ ഭാഗമായിരുന്നു.

ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ലക്ഷ്യമിട്ട് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 3 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ച വകുപ്പിലുണ്ടായിരുന്നത്. 2000ത്തിലെ ഐ.ടി ആക്ടിലെ 66എ വകുപ്പും, 2011ലെ കേരള പൊലീസ് ആക്ടിലെ 118(ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് കാണിച്ച് മുന്‍പ് സുപ്രീം കോടതിയാണ് റദ്ദാക്കിയിരുന്നത്. ഇതിന് പകരം സുപ്രീം കോടതി മറ്റു നിയമങ്ങളൊന്നും കൊണ്ട് വന്നിരുന്നുമില്ല. ഈ സാഹചര്യത്തിലാണ് സൈബര്‍ ക്രിമിനലുകളെ നേരിടാന്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ട് വന്നിരുന്നത്.

എന്നാല്‍, ചെറിയ ഒരു പിഴവിന്റെ പേരില്‍ ആ നിയമത്തിനെതിരെയാണ് മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉറഞ്ഞ് തുള്ളിയിരുന്നത്. ആ ഘട്ടത്തില്‍ ”സര്‍ക്കാറിന്റെ ഉദ്ദേശ ശുദ്ധിയെ മാനിക്കുന്നു’ എന്ന ഒരു വാക്ക് പോലും ഡബ്ല്യു.സി.സി പറഞ്ഞിട്ടില്ല. അതു കൊണ്ട് തന്നെ ഇപ്പോള്‍ നിങ്ങള്‍ നടത്തുന്ന ‘റെഫ്യൂസ് ദ അബ്യൂസ് ‘ കാമ്പയിനിനെ പബ്ലിസിറ്റി സ്റ്റണ്ടായി മാത്രമേ കാണാനാകൂ. ‘ഞാന്‍ എന്തും പറയും എന്നെ ആരും കണ്ടുപിടിക്കില്ല എന്ന ചിന്തയാണോ അല്ലെങ്കില്‍ മറ്റുള്ളവരുടെ ശ്രദ്ധ കിട്ടുന്നത് വേണ്ടി ചെയ്യുന്നതാണോ എന്നറിയില്ല. അത് എന്ത് തന്നെയാണെങ്കിലും അത്ര നല്ലതല്ലന്നാണ് ” ഈ കാമ്പയിനെ പിന്തുണച്ച് നടി ഭാവനയും അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഈ അഭിപ്രായ പ്രകടനം പോലും മറ്റുള്ളവരുടെ ശ്രദ്ധ കിട്ടുന്നതിന് വേണ്ടിയുള്ളതാണ്. ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സമൂഹമാധ്യമത്തില്‍ അപമാനിക്കപ്പെട്ടപ്പോള്‍ പ്രതികരിക്കാത്ത നിരവധി പേരാണ് ഇപ്പോള്‍ ‘റെഫ്യൂസ് ദ അബ്യൂസുമായി’ രംഗത്ത് വന്നിരിക്കുന്നത്. ഇവരുടെ ആരുടെയും ഉദ്ദേശ ശുദ്ധിയെ തല്‍ക്കാലം സംശയിക്കുന്നില്ല. എങ്കിലും ഇത്തരം കാമ്പയിനുകള്‍ കൊണ്ട് ഒരു കാര്യവുമില്ലന്ന കാര്യം മനസ്സിലാക്കുന്നത് നല്ലതാണ്.

സൈബര്‍ ഇടത്തിലെ ഞരമ്പുരോഗികളെ നിലക്ക് നിര്‍ത്താന്‍ ശക്തമായ നിയമ നിര്‍മാണമാണ് അനിവാര്യമായിട്ടുള്ളത്. നിയമസഭയില്‍ ചര്‍ച്ച ചെയ്ത് സൈബര്‍ സുരക്ഷക്ക് പുതിയ ഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രിയും ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ നടപടി വേഗത്തിലാക്കുന്നതിന് വേണ്ടിയുള്ള ഇടപെടലാണ് ഡബ്ല്യു.സി.സി.യും നടത്തേണ്ടത്. അതല്ലാതെ പബ്ലിസിറ്റി സ്റ്റണ്ട് നടത്തിയത് കൊണ്ട് ഒരു കാര്യവുമില്ല.

Top