കോവിഡ് വ്യാപനം; വീണ്ടും ലോക്ക് ഡൗണിലേക്ക് പോകില്ലെന്ന് അമേരിക്ക

വാഷിങ്ടണ്‍: യു.എസില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനിടെ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് പ്രസ്താവനയുമായി വൈറ്റ് ഹൗസ്. കോവിഡ് 19 കോര്‍ഡിനേറ്റര്‍ ജെഫ്സിനട്‌സ് ആണ് പ്രസ്താവന നടത്തിയത്.

ആ രീതിയിലേക്ക് ഞങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ല. കോവിഡിനെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴികളുണ്ട്. വാക്സിനേഷന്‍, ബൂസ്റ്റര്‍ ഷോട്ട്, കുട്ടികള്‍ക്കുള്ള വാക്സിന്‍ എന്നിവയിലൂടെയെല്ലാം രോഗത്തെ പ്രതിരോധിക്കാനാാവുമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി 30 ലക്ഷം ആളുകള്‍ യു.എസില്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ സ്വീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ ലോക്ഡൗണ്‍ നിര്‍ദേശിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് സെക്രട്ടറി ജെന്‍പസ്‌കിയും പ്രതികരിച്ചു.

വീണ്ടും കോവിഡ് വ്യാപനം ഉണ്ടായതോടെ പല യുറോപ്യന്‍ രാജ്യങ്ങളും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. ആസ്ട്രിയ, നെതര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു.

 

 

Top